തിരുവനന്തപുരം:മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ പ്രസ്‌താവന രാഷ്ട്രീയ തമാശയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇ പി ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്‌ണൻ മാറരുതെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ നിഷ്‌പക്ഷ അന്വേഷണങ്ങൾക്ക് വഴിയൊരുക്കാതെ ഇഡിയെ കൊണ്ടുവന്ന് രക്ഷപ്പെടാൻ നോക്കിയത് പിണറായി വിജയനാണ്.
കേരളത്തിന് അകത്തും പുറത്തും കോൺഗ്രസിന് ഈ വിഷയത്തിൽ ഒരേയൊരു നിലപാടേയുള്ളൂ. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നത്. എന്നാൽ അടയും ചക്കരയും പോലെ ചേർന്നിരിക്കുന്നതിനാൽ നരേന്ദ്ര മോദി ഒരിക്കലും പിണറായിയെ വേട്ടയാടില്ല.
ഇല്ലാത്ത ഇരവാദം ഉണ്ടാക്കി വെറുതെ വിലപിക്കാൻ പാർട്ടി സെക്രട്ടറി നോക്കേണ്ട. ഇത്തരം പ്രഹസനങ്ങൾ കൊണ്ടൊന്നും പിണറായി വിജയന്‍റെ ദുഷിച്ച ഭരണത്തിൽ നിന്നും ജനശ്രദ്ധ മാറില്ലെന്നും സുധാകരൻ പറഞ്ഞു.
പോസ്റ്റിന്‍റെ പൂര്‍ണ രൂപം: "മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നു'' എന്ന കോടിയേരിയുടെ പ്രസ്‌താവന വളരെ മികച്ചൊരു രാഷ്ട്രീയ തമാശ ആണ്. ഇ പി ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്‌ണൻ മാറരുത്.
ആരാണ് പിണറായി വിജയനെ ആക്രമിക്കുന്നത്? അദ്ദേഹത്തിൻ്റെ ഓഫിസിൽ അസാമാന്യ സ്വാധീനം ഉണ്ടായിരുന്ന, വിദേശയാത്രകളിലുൾപ്പടെ കൂടെ കൊണ്ടുനടന്ന, സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി കൂടി ആയ അദ്ദേഹത്തിൻ്റെ സിൽബന്തിയാണ് പിണറായിയെ നിരന്തരം ആക്രമിക്കുന്നത്. "കൂടെ കിടന്നവർക്കേ രാപ്പനി അറിയൂ" എന്ന ചൊല്ല് പോലെയാണ് ആ സ്ത്രീ മുഖ്യമന്ത്രിയെ പറ്റിയുള്ള രഹസ്യങ്ങൾ വിവരിക്കുന്നത്.