തിരുവനന്തപുരം:എകെജി സെന്‍ററിന് നേരെ നടന്ന ആക്രമണത്തിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പരിഹസിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ആക്രമണം സിപിഎം ഗൂഡാലോചനയാണെന്ന് ആരോപിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇ.പി ജയരാജനെ സുധാകരന്‍ പരിഹസിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് കണ്‍വീനറെ പോലെ ബുദ്ധിക്കുറവ് ഇല്ലെന്ന് സിപിഎം നേതൃത്വം മനസിലാക്കണമെന്ന് അദ്ദേഹം കുറിച്ചു
രാജ്യദ്രോഹ കുറ്റാരോപണ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ കണ്‍വീനറുടെ ഇല്ലാത്ത ബുദ്ധിയില്‍ തെളിയുന്ന മണ്ടത്തരങ്ങള്‍ പ്രാവര്‍ത്തികമാക്കുകയല്ല സിപിഎം ചെയ്യേണ്ടതെന്നും, ഓഫിസിന് മുന്നില്‍ പാതിരാത്രി പടക്കം പൊട്ടിച്ചു കളിക്കാന്‍ ഇത് വിഷുക്കാലമല്ലെന്ന് ഇടത് മുന്നണി അവരുടെ കണ്‍വീനറെ ഓര്‍മിപ്പിക്കണമെന്നും കെ. സുധാകരൻ കൂട്ടിച്ചേര്‍ത്തു.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം; "കേരളത്തിലെ ജനങ്ങള്‍ക്ക് എൽഡിഎഫ് കണ്‍വീനറെ പോലെ ബുദ്ധിക്കുറവ് ഇല്ലെന്ന് സിപിഎം നേതൃത്വം മനസിലാക്കണം. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ കണ്‍വീനറുടെ 'ഇല്ലാത്ത ബുദ്ധി'യില്‍ തെളിയുന്ന മണ്ടത്തരങ്ങള്‍ പ്രാവര്‍ത്തികമാക്കുകയല്ല വേണ്ടത്. സംഘപരിവാറിനെ സ്വാധീനിച്ചും, മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും, കൊവിഡിനെ ശക്തമായ പുകമറയാക്കിയും ഒരു തവണ നിങ്ങള്‍ രക്ഷപ്പെട്ടു.
പക്ഷേ, ഇനിയും അത് അനുവദിച്ചു തരാന്‍ കേരളം ഉദ്ദേശിക്കുന്നില്ല. രാജ്യദ്രോഹ കുറ്റാരോപണ നിഴലില്‍ നില്‍ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കേരളം ലോകത്തിന് മുന്നില്‍ ഇതുപോലെ നാണംകെടേണ്ടി വന്ന മറ്റൊരവസരം ഉണ്ടായിട്ടില്ല.
സ്വന്തം മകളെ കുറിച്ച് പോലും ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍, എല്ലാത്തിനുമുള്ള മറുപടി പിണറായി വിജയന്‍ പറയണം. സെക്രട്ടേറിയറ്റിലെ ഫയലുകള്‍ കത്തിച്ചും സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതാക്കിയും എത്രനാള്‍ തുടരാം എന്നാണ് വിചാരിക്കുന്നത്? ഓഫിസിന് മുന്നില്‍ പാതിരാത്രി പടക്കം പൊട്ടിച്ചു കളിക്കാന്‍ ഇത് വിഷുക്കാലമല്ലെന്ന് എൽഡിഎഫ് അവരുടെ കണ്‍വീനറെ ഓര്‍മിപ്പിക്കണം. പൊട്ടിയ പടക്കത്തിന്‍റെ ചീളുകള്‍ അദ്ദേഹത്തിന്‍റെ തലയില്‍ കൊണ്ടില്ലെന്ന ആശ്വാസം ഞങ്ങള്‍ക്കുണ്ട്.
ഇ.പി ജയരാജനെ പരിഹസിച്ച് കെ. സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അല്ലെങ്കില്‍ പണ്ടേ ഉണ്ടെന്ന് ഒരു ഉളുപ്പുമില്ലാതെ പറയുന്ന വെടിയുണ്ടയോടൊപ്പം ഇരിക്കാന്‍ ഇതിന് സ്ഥലം തികയാതെ വന്നേനെ. രണ്ട് നുണകള്‍ക്ക് ഒരു തലയില്‍ ഇരിക്കാന്‍ വലിയ പാടായിരിക്കും. ഇത്രമാത്രം ബുദ്ധിശാലിയായ കണ്‍വീനറെ എകെജി സെന്‍ററിന് പകരം തിരുവനന്തപുരം മ്യൂസിയത്തില്‍ കൊണ്ട് ഇരുത്താന്‍ സിപിഎം നേതൃത്വം മുന്‍കൈയെടുക്കണം.
അദ്ദേഹത്തിന്‍റെ തല മ്യൂസിയത്തിന് ഒരു മുതല്‍ക്കൂട്ടാകും. നിരായുധരായ മനുഷ്യരെ ഇരുട്ടിന്‍റെ മറവില്‍ സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലുന്നതും, പാതിരായ്‌ക്ക് ആളില്ലാത്ത ഓഫിസുകള്‍ക്ക് ബോംബെറിയുന്നതും ജീവിത വ്രതമാക്കിയ ഭീരുക്കളുടെ പാര്‍ട്ടി സിപിഎം ആണ്. കൊടി സുനിയും കിര്‍മാണി മനോജും പിന്നിലുണ്ടെന്ന ധൈര്യത്തില്‍ അക്രമം കാണിക്കാന്‍ ഇറങ്ങുന്ന സിപിഎം അണികളല്ല കോണ്‍ഗ്രസിലുള്ളത്.
ഒറ്റയ്‌ക്കൊരു മൂവര്‍ണ്ണക്കൊടി പിടിച്ചു പൊലീസിന്‍റെ പീരങ്കിപ്പടയെ നേരിട്ട വര്‍ഗീസ് ചേട്ടന്മാരുടെ പാര്‍ട്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ്. പ്രതിഷേധിക്കാനാണെങ്കിലും പ്രതികരിക്കാനാണെങ്കിലും നേരായ വഴിയില്‍ മാത്രമേ ഞങ്ങളത് ചെയ്യാറുള്ളൂ", കെ. സുധാകരന്‍ വ്യക്തമാക്കി.
Also read: എ.കെ.ജി സെന്‍ററിന് നേരെ ബോംബേറ്; സി.സി.ടി.വി ദൃശ്യം പുറത്ത്