തിരുവനന്തപുരം: കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചത് ബോധ്യപ്പെട്ടിട്ടും കെല്‍ട്രോണിന് എഐ ക്യാമറ പദ്ധതിക്ക് അനുമതി നല്‍കിയ മന്ത്രിസഭയും സര്‍ക്കാരും അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ഈ പദ്ധതിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നിന്നും മറുപടി പറയാതെ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും കൈകഴുകാനാവില്ല. ഈ മാസം 12ന് കരാര്‍ തത്വത്തില്‍ അംഗീകരിച്ച മന്ത്രിസഭ 18-ാം തീയതി സമഗ്ര ഭരണാനുമതി നല്‍കി. പ്രോജക്ട് മോണിറ്ററിങ് സെല്‍ ആയ കെല്‍ട്രോണിന് അതത് വകുപ്പുകളുടെ അംഗീകാരമില്ലാതെ മറ്റു കരാറില്‍ ഏര്‍പ്പെടാന്‍ വ്യവസ്ഥയില്ല.
'അഴിമതി നടത്താനുളള ലൈസന്‍സ് നല്‍കി': അതിന് ഘടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്‌ത കെല്‍ട്രോണിന് അനുമതി നല്‍കിയതിലൂടെ അഴിമതി നടത്താനുള്ള ലൈസന്‍സാണ് പിണറായി മന്ത്രിസഭ നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു. വേണ്ടത്ര പ്രവൃത്തിപരിചയം ഇല്ലാത്ത കമ്പനിക്ക് ഉപകരാര്‍ നല്‍കിയത് ഉള്‍പ്പെടെ അടിമുടി ദുരൂഹത നിറഞ്ഞതാണ് ഈ പദ്ധതി. വെറും 75 കോടി കൊണ്ട് പൂര്‍ത്തികരിക്കാവുന്ന ഒരു പദ്ധതി 232 കോടിയായി മാറിയതിന്‍റെ പിന്നിലെ കഥകള്‍ ഓരോന്നായി തെളിവ് സഹിതം പുറത്ത് വരുമ്പോഴും കെല്‍ട്രോണിനെ ചാരി രക്ഷപെടാനാണ് സര്‍ക്കാര്‍ നീക്കം.
അത് വിലപ്പോകില്ല. കുറഞ്ഞ തുകയ്ക്ക് ഇതേ ക്യാമറകള്‍ ലഭ്യമാകുമെന്നിരിക്കെ ഉയര്‍ന്ന തുക ഈടാക്കിയതും അഴിമതിക്ക് കളമൊരുക്കാനാണ്. പദ്ധതിയെ സംബന്ധിക്കുന്ന രേഖകള്‍ പുറത്ത് വിടാന്‍ കെല്‍ട്രോണും സര്‍ക്കാരും ഭയന്നു വിറയ്ക്കുകയാണ്. ഇതുസംബന്ധിച്ച ഉയര്‍ന്ന ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും വ്യക്തത വരുത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. എന്നാലതിന് സര്‍ക്കാര്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അന്വേഷിക്കുന്നതിന് സാങ്കേതിക പരിജ്ഞാനം ഉള്ള വിദഗ്‌ധരെ ഉള്‍പ്പെടുത്തി ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
'കരാറിന് അനുമതി നല്‍കിയത് വിരോധാഭാസം': ബെംഗളുരു കമ്പനിയുടെ കീശയിലേക്കാണ് എഐ ക്യാമറ പിടികൂടുന്ന പിഴത്തുകയില്‍ നല്ലൊരു പങ്ക് പോകുന്നത്. പദ്ധതിക്കായി 150 കോടിയിലേറെ രൂപ ചെലവാക്കിയ എസ്.ആര്‍.ഐ.ടി കമ്പനിക്ക് അഞ്ച് വര്‍ഷം കൊണ്ട് മുടക്ക് മുതല്‍ തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയുടെ പുറത്താണ് ഇത്തരത്തില്‍ തുക കൈമാറ്റപ്പെടുന്നത്. എസ്.ആര്‍.ഐ.ടി കമ്പനി പെരുപ്പിച്ച് കാട്ടിയ കണക്ക് കരാര്‍ നല്‍കിയ കെല്‍ട്രോണ്‍ അംഗീകരിച്ചതാണ് കോടികള്‍ സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക് ഒഴുകാന്‍ കാരണം. ജനങ്ങളില്‍ നിന്നും പിഴത്തുകയായി പിരിക്കുന്ന തുകയാണ് സ്വകാര്യ കമ്പനിയുടെ നേട്ടത്തിനായി നല്‍കുന്നത്. ഇത്തരത്തില്‍ ദുര്‍ചെലവും സാമ്പത്തിക നഷ്‌ടവും അഴിമതി സാധ്യതയും തിരിച്ചറിഞ്ഞിട്ടും സര്‍ക്കാര്‍ ഈ കരാറിന് അനുമതി നല്‍കിയത് വിരോധാഭാസമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഉപകരാര്‍ നല്‍കിയതിലൂടെ കോടികളുടെ കമ്മീഷന്‍ ഇടപാടാണ് ഈ പദ്ധതിയുടെ മറവില്‍ പലതട്ടുകളിലായി നടന്നത്. കെല്‍ട്രോണിനെ മുന്‍നിര്‍ത്തി സ്വകാര്യകമ്പനികള്‍ നടത്തിയ എഐ ക്യാമറ ഇടപാടിന് പിന്നില്‍ ഭരണ കക്ഷിയിലെ ഉന്നതരുടെ ഇടപെടലുണ്ടായിട്ടുണ്ട്. എഐ ക്യാമറ സ്ഥാപിക്കാന്‍ കരാര്‍ ലഭിച്ച കെല്‍ട്രോണിന് മറ്റു സ്വകാര്യ കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങരുതെന്ന ധനവകുപ്പിന്‍റെ നിര്‍ദേശം അട്ടിമറിച്ചതിന് പിന്നിലും ഇതേ ശക്തികളുടെ കരങ്ങളുണ്ടായിട്ടുണ്ട്. കെല്‍ട്രോണില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ കരാര്‍ സ്വന്തമാക്കിയ ബെംഗളുരു കമ്പനിയായ സ്രിറ്റിന് പദ്ധിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ സഹായിച്ച രഹസ്യ കമ്പനിയെതാണെന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.