തിരുവനന്തപുരം: 40 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ സംഘടന തലപ്പത്ത് പ്രതിഷ്‌ഠിക്കുകയും സംരക്ഷിക്കുകയും ചെയ്‌തതിന്‍റെ ദുരന്തമാണ് ഇപ്പോള്‍ മഹാരാജാസ് കോളജും മറ്റു ക്യാമ്പസുകളും നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളയെും പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഈ തെറ്റിനെ തലയിലേറ്റി വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താക്കുറിപ്പിലാണ് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കെ വിദ്യയുടെ വിവാദ സര്‍ട്ടിഫിക്കറ്റ്: ആര്‍ഷോ മഹാരാജാസ് കോളജില്‍ പിജി പരീക്ഷ എഴുതാതെ പാസായപ്പോള്‍ സുഹൃത്തും കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയുമായ കെ വിദ്യ മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജപ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രണ്ടിടത്ത് ഗസ്‌റ്റ് ലക്‌ചര്‍ നിയമനം നേടിയത്. ആര്‍ഷോയുടെ സഹായത്തോടെയാണ് ഈ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് എന്നാണ് ലഭ്യമായ വിവരം. കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചതും സമാനമായ രീതിയിലാണ്.
വിദ്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആര്‍ഷോയുടെ മുമ്പില്‍ പിണറായിയുടെ പൊലീസുകാര്‍ മുട്ടിടിച്ചു നില്‍ക്കുന്നു. കോടതിയുടെ മേല്‍നോട്ടത്തിലെങ്കിലും അന്വേഷണം നടത്തിയാല്‍ മാത്രമേ മഹാരാജാസ് കോളജില്‍ നടന്ന ഗൂഢാലോചനയുടെ ചുരുളഴിച്ച് യഥാര്‍ത്ഥ പ്രതികളെ ശിക്ഷിക്കാനാവൂ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള 40 ക്രിമിനില്‍ കേസുകളില്‍ 16 എണ്ണം ആയുധം ഉപയോഗിച്ച് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയതും മൂന്നെണ്ണം വധശ്രമവും മറ്റുള്ളവ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയുമാണ്.