തിരുവനന്തപുരം:വിഴിഞ്ഞത്ത് മനപൂര്‍വം സംഘര്‍ഷം സൃഷ്‌ടിക്കാനുള്ള സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും പ്രകോപനപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ജീവിക്കാന്‍ വേണ്ടി പോരാടുന്ന മത്സ്യത്തൊഴിലാളികളുടെ സമരത്തെ ഏത് വിധേനയും കൈകാര്യം ചെയ്‌ത് അടിച്ചമര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ അത് കോണ്‍ഗ്രസ് അംഗീകരിക്കില്ല. പ്രതിഷേധം വഷളാക്കിയത് സര്‍ക്കാരിന്‍റെ നിലപാടാണ്.
പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതി ചേര്‍ത്ത് കേസെടുത്ത് പ്രതികാര നടപടി സ്വീകരിച്ച ആഭ്യന്തര വകുപ്പ് മത്സ്യത്തൊഴിലാളികളോടും ലത്തീന്‍ സഭ വിശ്വാസികളോടും യുദ്ധപ്രഖ്യാപനമാണ് നടത്തിയത്. സര്‍ക്കാരിന്‍റെ ഈ നടപടി നീതീകരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.
വൈദികര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അദാനിക്ക് വേണ്ടി സര്‍ക്കാര്‍ വിടുപണി ചെയ്യുകയാണ്. സമരക്കാരില്‍ നിന്ന് 200 കോടി രൂപ ഈടാക്കാനുള്ള നീക്കം അതിന്‍റെ ഭാഗമാണ്. അത് നടപ്പാക്കാമെന്നത് സര്‍ക്കാരിന്‍റെ ദിവാസ്വപ്‌നമാണ്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്‌ത ബാഹ്യ ശക്തികളുടെ ഇടപെടലിനെ തുടര്‍ന്നാണ് വിഴിഞ്ഞത്ത് സംഘര്‍ഷമുണ്ടായതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. കഴിഞ്ഞ ദിവസത്തെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കലാശിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ലത്തീന്‍ അതിരൂപതയുടെ ആവശ്യം ന്യായമാണ്. കോണ്‍ഗ്രസ് ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നു. വിഴിഞ്ഞം സമരത്തെ അട്ടിമറിക്കാന്‍ ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുക്കെട്ട് ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനകീയ സമരങ്ങളെ വര്‍ഗീയ കലാപങ്ങളായി ചിത്രീകരിക്കുകയാണ് ഇരുവരും. മന്ത്രിമാര്‍ ഇത് ഏറ്റു പറയുകയാണ്. ഇത് ഗൗരവമായി തന്നെ കാണണമെന്നും ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.