തിരുവനന്തപുരം : ഇല്ലാത്ത കേസുകളില്‍ പ്രതിപക്ഷത്തെ കുടുക്കുന്ന മോദി സ്വര്‍ണ കടത്തുകാരനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നതില്‍ മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സ്വര്‍ണക്കടത്ത് കേസ് ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്‍റെ അഞ്ച് അന്വേഷണ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇരമ്പിക്കയറിയത്. എന്നാല്‍ 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഏജന്‍സികളെല്ലാം വന്നതിലും സ്‌പീഡില്‍ തിരിച്ചുപോയെന്ന് മാത്രമല്ല, കേരളത്തിലെ ബിജെപി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്‌തുവെന്നും വാര്‍ത്താക്കുറിപ്പില്‍ കെ സുധാകരന്‍ വിമര്‍ശിച്ചു (KPCC President K Sudhakaran).
പിണറായി വിജയനെ കണ്ണിലെ കൃഷ്‌ണമണിപോലെയാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നത്. നവകേരള യാത്രയില്‍ മോദിക്കെതിരെ ഒരക്ഷരം പോലും മുഖ്യമന്ത്രി ഉരിയാടിയില്ല. ഇത്രയും ജനദ്രോഹകരമായ യാത്രയില്‍ ഒരു കീറത്തുണി പോലും ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ബിജെപി തയ്യാറായതുമില്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി (K Sudhakaran Criticized Navakerala Sadas).
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിനീളെ ആക്രമിക്കപ്പെട്ടപ്പോള്‍ അത് കണ്ടുരസിച്ചവരാണ് ബിജെപിക്കാര്‍. ബിജെപി നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പുള്ള കൊടകര കുഴല്‍പ്പണ കേസും ഒത്തുതീര്‍ന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, കുഴല്‍പ്പണം, വിദേശനാണ്യ വിനിമയചട്ട ലംഘനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഒരു ഘട്ടത്തില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ബലിയാടാക്കി ജയിലിലടയ്ക്കുകയും ചെയ്‌തു.