തിരുവനന്തപുരം: ഇടുക്കിയിലെ ജനവാസ മേഖലയിലെത്തി ആക്രമണം നടത്തുന്ന അരിക്കൊമ്പന്‍റെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഏഴ് പേരെ കൊന്നൊടുക്കുകയും അനേകം വീടുകളും കെട്ടിടങ്ങളും തകര്‍ക്കുകയും ചെയ്‌ത അക്രമകാരിയാണ് അരികൊമ്പന്‍. ഒരു നാട് മുഴുവന്‍ പേടിച്ചരണ്ട് കഴിയുമ്പോള്‍ സര്‍ക്കാരും കോടതിയും അതിന്‍റെ ഗൗരവം ഉള്‍ക്കൊള്ളാതെ ഉറക്കം തൂങ്ങുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി ജനങ്ങളെ സാരമായി ബാധിക്കുന്ന വിധി പുറപ്പെടുവിച്ചിട്ട് അതിനെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന അതിശയത്തിലാണ് ജനങ്ങള്‍. ആനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുക, ജനവാസ കോളനി അവിടെ നിന്ന് മാറ്റുക തുടങ്ങിയ അപ്രായോഗിക നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ഥത്തില്‍ ഈ കോടതി വിധി തന്നെ സര്‍ക്കാര്‍ ഇരന്ന് വാങ്ങിയതാണ് എന്നതാണ് വസ്‌തുത. കാട്ടാനയുടെ ശല്യം മൂലം മനുഷ്യനാശം സംഭവിച്ചിട്ടില്ലെന്ന തികച്ചും തെറ്റായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിക്ക് നല്‍കിയത്. എന്നാല്‍ 7 പേരെ അരിക്കൊമ്പന്‍ കൊന്നിട്ടുണ്ടെന്ന് വനംവകുപ്പിന്‍റെ സത്യവാങ്മൂലത്തിലുണ്ട്.
കൂടാതെ 18 വര്‍ഷത്തിനുള്ളില്‍ 180 കെട്ടിടങ്ങളും 30 റേഷന്‍ കടകളും അരിക്കൊമ്പന്‍ തകര്‍ത്തിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പലപ്പോഴായി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ അരിക്കൊമ്പനെ പിടികൂടേണ്ടതിന്‍റെ ഗൗരവം ബന്ധപ്പെട്ടവരെ ധരിപ്പിക്കാന്‍ പര്യാപ്‌തമായിരുന്നില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.
ഒരു നാട് മുഴുവന്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ സെക്രട്ടേറിയറ്റിലെ താപ്പാനകളും മോഴയാനകളും കാട്ടുന്ന നിസംഗതയാണ് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നത്. ഇത് സംബന്ധിച്ച ഒരു ഉന്നതതലയോഗം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തിട്ടുണ്ടോ? പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത വകുപ്പ് മന്ത്രി ഇത് സംബന്ധിച്ച് നടത്തിയ ഇടപെടലുകള്‍ എന്തൊക്കെയാണ്? പൊതു ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാനുള്ള അവകാശമുണ്ട്. അവരുടെ ജീവന്‍ വച്ചുള്ള കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ജനുവരിയിലാണ് ഇടുക്കി ശാന്തന്‍പാറയില്‍ വനംവകുപ്പ് വാച്ചര്‍ ശക്തിവേല്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അന്ന് മുതല്‍ അശാന്തമായ ഈ പ്രദേശത്തെ ജനങ്ങള്‍ തെരുവിലിറങ്ങി സമരം നടത്തുകയാണ്. എല്ലാ ദിവസവുമെന്ന പോലെ വീടുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെടുന്നു. അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മുറിവാലന്‍ തുടങ്ങിയ വിചിത്രമായ പേരുകളുമായി കൊമ്പനാനകള്‍ ഒരു പ്രദേശത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ ഉറക്കം തൂങ്ങുന്ന ഭരണ സംവിധാനങ്ങളും ദിവാസ്വപ്‌നത്തില്‍ കഴിയുന്ന നിയമ സംവിധാനങ്ങളും ഉണരണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായും സുധാകരന്‍ വ്യക്തമാക്കി.
അരിക്കൊമ്പനും ഹൈക്കോടതി ഉത്തരവും:മാര്‍ച്ച് 31നാണ് ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളില്‍ ആക്രമണം നടത്തുന്ന അരിക്കൊമ്പനെ കൂട്ടിലടക്കേണ്ടതില്ലെന്നും ഉള്‍വനത്തിലേക്ക് മാറ്റിയാല്‍ മതിയെന്നുമുള്ള കോടതി ഉത്തരവ് ലഭിച്ചത്. അരിക്കൊമ്പന്‍ വിഷയം ചര്‍ച്ച ചെയ്യാനായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതിയുടേതാണ് തീരുമാനം. അതേസമയം ജനവാസ മേഖലയിലെത്തി നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം തുടരുന്നുണ്ട്. ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ അടക്കം പ്രഖ്യാപിച്ചിരുന്നു ജനകീയ സമിതി.
also read:മയക്കുവെടി വച്ച് കൂട്ടിലടയ്ക്കില്ല; അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് മാറ്റാന്‍ തീരുമാനം