കേരളം

kerala

ETV Bharat / state

'കൈതോലപ്പായയില്‍ ചുരുട്ടിക്കെട്ടിയ കോടികള്‍' ; പിണറായി കേരളത്തെ കൊള്ളയടിച്ചു, ശക്തിധരന്‍ പറഞ്ഞതില്‍ അന്വേഷണം വേണമെന്നും കെ സുധാകരന്‍ - ജി ശക്തിധരന്‍റെ വെളിപ്പെടുത്തല്‍

മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ശക്തിധരന്‍റെ വെളിപ്പെടുത്തല്‍ അവഗണിക്കാനാകാത്തതാണ്. കേരളത്തെ കൊള്ളയടിക്കുന്ന ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യം.

K Sudhakaran criticized CM Pinarayi vijayan  കൈതോലപ്പായയില്‍ ചുരുട്ടിക്കെട്ടിയ കോടികള്‍  പിണറായി കേരളത്തെ കൊള്ളയടിച്ചു  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍  ജി ശക്തിധരന്‍റെ വെളിപ്പെടുത്തല്‍  ദേശാഭിമാനി മുന്‍എഡിറ്റര്‍ ജി ശക്തിധരന്‍
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍

By

Published : Jun 27, 2023, 4:00 PM IST

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളത്തെ ദേശാഭിമാനി ഓഫിസില്‍ വച്ച് 2.35 കോടി രൂപ കൈതോലപ്പായയില്‍ ചുരുട്ടിക്കെട്ടി ഇരുട്ടിന്‍റെ മറവില്‍ കാറില്‍ കൊണ്ടുപോയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍റെ വെളിപ്പെടുത്തലും അദ്ദേഹത്തിന്‍റെ വലം കൈയായിട്ടുള്ള ഭൂമാഫിയ 1500 ഏക്കര്‍ സ്വന്തമാക്കിയെന്നുമുള്ള മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലും അടിയന്തരമായി അന്വേഷണ വിധേയമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ . കേരളത്തെ മൊത്തക്കച്ചവടം ചെയ്യുന്ന പിണറായിയുടെ മല പോലെയുള്ള അനധികൃത ഇടപാടുകളുടെ ഒരറ്റം മാത്രമാണീ വെളിപ്പെടുത്തലുകള്‍. വ്യാജ പരാതികളുടെ അടിസ്ഥാനത്തില്‍ തനിക്കും പ്രതിപക്ഷ നേതാവിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ഉടനടി കേസെടുക്കുന്ന കേരള പൊലീസിന് ജി ശക്തിധരന്‍റെ ആധികാരികമായ വെളിപ്പെടുത്തലുകളെ അവഗണിക്കാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

ദേശാഭിമാനിയുടെ ഉന്നത പദവിയിലിരുന്നപ്പോള്‍ കൊച്ചിയിലെ ഓഫിസില്‍ നടന്ന കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആ പണം അദ്ദേഹം കൂടി എണ്ണി തിട്ടപ്പെടുത്തുകയും അത് പൊതിഞ്ഞു കൊണ്ടുപോകാന്‍ കൈതോലപ്പായ വാങ്ങിക്കൊണ്ടുവരികയും ചെയ്‌തു. ഇന്നോവ കാറിന്‍റെ ഡിക്കിയില്‍ അത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയപ്പോള്‍ ഇപ്പോഴത്തെ ഒരു മന്ത്രിയും കൂടെയുണ്ടായിരുന്നു. ഇത്രയും കൃത്യമായ വിശദാംശങ്ങളോട് കൂടിയ ഒരു വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല. ആ പണം ഇരുട്ടില്‍ അപ്രത്യക്ഷമായെന്നും വെളിപ്പെടുത്തലിലുണ്ടെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

മറ്റൊരു സംഭവത്തില്‍ ഒരു പണക്കാരന്‍ നല്‍കിയ 20 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപയും ഇതുപോലെ ഇരുട്ടില്‍ അപ്രത്യക്ഷമായി. കോവളം ഹോട്ടലില്‍ വച്ച് ഈ പണക്കാരന്‍ രണ്ട് പായ്ക്കറ്റുകളിലായി പണം പിണറായിയെ ഏല്‍പ്പിച്ചു. ഇതില്‍ ഒരു പായ്ക്കറ്റ് പണം രാത്രി 11 മണിക്ക് പിണറായി പാര്‍ട്ടി ഓഫിസില്‍ ഏല്‍പ്പിച്ച് മറ്റൊരു പായ്ക്കറ്റുമായി നേരെ എതിര്‍വശത്തുള്ള സ്വന്തം ഫ്ളാറ്റിലേക്ക് പോയി. ഇതുപോലെയുള്ള നിരവധി സംഭവങ്ങളുണ്ടെന്നും ശക്തിധരന്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിക്ക് ലഭിക്കേണ്ടിയിരുന്ന ഈ പണമെല്ലാം എവിടെപ്പോയെന്നത് പാര്‍ട്ടിക്ക് പോലും അറിയാത്ത വലിയൊരു ചോദ്യ ചിഹ്നമാണ്. എന്നാല്‍ ഇത് സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ ബെംഗളൂരു ആസ്ഥാനമായുള്ള സന്ധ്യ രവിശങ്കര്‍ എന്ന മാധ്യമ പ്രവര്‍ത്തക പുറത്തുകൊണ്ടുവന്നിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവനായി മുദ്രകുത്തിയ പിണറായിയുടെ വലംകൈ ഫാരിസ് അബൂബക്കര്‍, ശോഭ ഡവലപ്പേഴ്‌സ്‌ എന്നിവരുമായി ചേര്‍ന്ന് 1500 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയിട്ടുണ്ട് എന്നതിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് രേഖകള്‍ സഹിതം പുറത്ത് വന്നത്. കേരളത്തെ കൊള്ളയടിച്ച ഈ ഇടപാടും അന്വേഷണ വിധേയമാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

കൈതോല പായയില്‍ നായികയെ തട്ടിക്കൊണ്ടു പോകുന്നതൊക്കെ സിനിമയില്‍ മാത്രമാണ് മലയാളികള്‍ കണ്ടിട്ടുള്ളത്. അതില്‍ കെട്ടുകണക്കിന് നോട്ടുകള്‍ കടത്താമെന്ന് ആദ്യമായി കണ്ടുപിടിച്ചത് പിണറായിയാണ്. ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയത് പോലുള്ള നിത്യ നൂതനങ്ങളായ എത്രയെത്ര കണ്ടുപിടിത്തങ്ങളുടെ പേറ്റന്‍റാണ് ഈ നേതാവിനുള്ളത്. കണ്ണൂരില്‍ സമകാലീനരായി പ്രവര്‍ത്തിച്ചിട്ടുള്ള തനിക്ക് ഇതിലപ്പുറമുള്ള കാര്യങ്ങളറിയാം. ഇരുട്ടിനെ സ്നേഹിക്കുകയും അതിന്‍റെ മറവില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇരുട്ടിന്‍റെ സന്തതിയായി ചരിത്രം രേഖപ്പെടുത്താന്‍ പോകുന്ന നേതാവാണ് പിണറായി വിജയനെന്നും കെ സുധാകരന്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details