കേരളം

kerala

ETV Bharat / state

എ ഐ ക്യാമറ വിവാദം : നട്ടെല്ലുണ്ടെങ്കിൽ പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം നടത്തട്ടെ, വെല്ലുവിളിച്ച് കെ സുധാകരൻ - എസ്എഫ്ഐ ആൾമാറാട്ടം

സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്നതിന് വേണ്ടിയാണെന്ന് കെ സുധാകരൻ

കെ സുധാകരൻ  എ ഐ കാമറ വിവാദം  പിണറായി വിജയൻ  K Sudhakaran  Pinarayi Vijayan  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  പിണറായി വിജയനെതിരെ കെ സുധാകരൻ  കോൺഗ്രസ് പുനഃസംഘടന  എസ്എഫ്ഐ ആൾമാറാട്ടം  എസ്എഫ്ഐ
കെ സുധാകരൻ

By

Published : May 21, 2023, 1:44 PM IST

Updated : May 21, 2023, 6:10 PM IST

പിണറായി വിജയനെ വെല്ലുവിളിച്ച് കെ സുധാകരൻ

തിരുവനന്തപുരം :എ ഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ നുണയാണെന്ന് ജനങ്ങളോട് പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോയെന്ന് ചോദിച്ച സുധാകരൻ അങ്ങനെയെങ്കില്‍ അത് തെളിയിക്കട്ടെയെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്ത് കാര്യവും ആർക്കും നിഷേധിക്കാം. അത്ര നട്ടെല്ലുണ്ടെങ്കിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാവട്ടെ. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

സർക്കാർ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുകയാണോ വേണ്ടതെന്ന് ചോദിച്ച സുധാകരൻ അത് പരിഹാസ്യമാണെന്നും കുറ്റപ്പെടുത്തി. റിട്ടയേർഡ് ജഡ്‌ജി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടത് വിരമിച്ചയാളായാലും അദ്ദേഹത്തിന്‍റെ മനസിൽ ജസ്റ്റിസ് ഉണ്ടാകുമെന്നതിനാലാണ്.

അന്വേഷിക്കുന്ന ഏജൻസി ആരായാലും വിശ്വാസ്യത വേണം. കേരളത്തിലെ പൊലീസിനെക്കൊണ്ടും സർക്കാർ ജീവനക്കാരെ കൊണ്ടും വകുപ്പ് സെക്രട്ടറിമാരെ കൊണ്ടും അന്വേഷിപ്പിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും സുധാകരൻ പറഞ്ഞു. എ ഐ കാമറ വിവാദത്തിൽ യുഡിഎഫ് കോടതിയെ സമീപിച്ച് നിയമനടപടി സ്വീകരിക്കും. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:'ഒരു വീഴ്‌ചയും ചൂണ്ടിക്കാണിക്കാനില്ല, കേന്ദ്രീകരിച്ചിരിക്കുന്നത് അപവാദങ്ങളില്‍'; യുഡിഎഫിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

അതേസമയം ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് വളയലിനിടെ സർക്കാർ ജീവനക്കാരെ തടഞ്ഞ സംഭവത്തിലും സുധാകരൻ പ്രതികരിച്ചു. സമരം നടക്കുമ്പോൾ കൈക്കരുത്ത് കൊണ്ട് അകത്ത് കടക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അങ്ങനെ വരുമ്പോള്‍ ആരെയാണെങ്കിലും തടയുമെന്നും അദ്ദേഹം പറഞ്ഞു. ഓഫിസിലേക്ക് പോകുന്നത് വിലക്കുക മാത്രമാണ് ചെയ്‌തത്. അസഭ്യം പറയുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്‌തിട്ടില്ലെന്നും സുധാകരൻ വ്യക്‌തമാക്കി.

കോൺഗ്രസിലെ പുനഃസംഘടനയിലും പ്രതികരണം :ഈ മാസം 30 ന് മുൻപ് കോണ്‍ഗ്രസ് പുനഃസംഘടന പൂർത്തിയാക്കുമെന്നും സുധാകരൻ വ്യക്‌തമാക്കി. ബ്ലോക്ക്, മണ്ഡലം കമ്മിറ്റി, ഡിസിസി എന്നിങ്ങനെയാകും പുനഃസംഘടന. ഈ മാസം 30ന് മുൻപ് ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിക്കും. അത് കഴിഞ്ഞ് ഒരാഴ്‌ചയ്ക്ക് ശേഷം മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരെയും പ്രഖ്യാപിക്കുമെന്ന് സുധാകരൻ അറിയിച്ചു.

എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ നിയമ നടപടി : കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പലിനെതിരെ മാത്രം നടപടിയെടുത്ത് കേസ്‌ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. പൊലീസ് കേസെടുത്തില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും.

ALSO READ:എസ്എഫ്ഐ ആൾമാറാട്ടം : കേരള സര്‍വകലാശാല ഇന്ന് പൊലീസില്‍ പരാതി നൽകും ; പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഷൈജുവിനെ മാറ്റിയില്ല

ഈ രാജ്യത്തെ യൂണിവേഴ്‌സിറ്റിക്ക് അപമാനമാണ് ഈ പ്രിൻസിപ്പൽ. ആ മനുഷ്യന്‍റെ തലയ്ക്ക‌കത്ത് എന്താണിരിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. സംഭവത്തിൽ ഉള്‍പ്പെട്ട എല്ലാവരെയും പ്രതികളാക്കാൻ ശ്രമിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

Last Updated : May 21, 2023, 6:10 PM IST

ABOUT THE AUTHOR

...view details