തിരുവനന്തപുരം: സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്‌കരിക്കാൻ ശേഷിയില്ലാതെ, ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതികൾ മാത്രം ഉദ്ഘാടനം ചെയ്യാൻ വിധിക്കപ്പെട്ട കേരളം കണ്ട ഏറ്റവും ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ (K Sudhakaran Criticize CM Pinarayi Vijayan). മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടെ എല്ലായിടത്തും മുന്‍ മുഖ്യമന്ത്രിമാരെ പൂര്‍ണമായി അവഗണിച്ചെന്നും അല്‌പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയില്‍ നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ വിമർശിച്ചു.
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന് സ്വീകരണം നൽകുന്ന ചടങ്ങിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്‌മരിക്കാന്‍ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സംഭാവനകൾ നൽകിയ മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍ എന്നിവരെ തുറമുഖ മന്ത്രി അനുസ്‌മരിച്ചെങ്കിലും പിണറായി വിജയൻ അവഗണിച്ചു. പിണറായി വിജയനായിരുന്നു വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു വിധേനയും ഇല്ലാതാക്കാന്‍ ശ്രമിച്ചത്. എന്നാൽ അന്താരാഷ്ട്ര ലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരെ പ്രവര്‍ത്തിച്ചെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്.
കടല്‍ക്കൊള്ളയെന്ന് വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും 5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചു. അന്താരാഷ്ട്ര ലോബിയുടെയും വാണിജ്യ ലോബിയുടെയും ചട്ടുകമായി പിണറായി വിജയന്‍ പ്രവര്‍ത്തിച്ചു എന്നു സംശയിക്കണമെന്നും ലോബി ഇടപാടില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും സുധാകരന്‍ ആരോപിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേര് നൽകണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുവെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.