തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലെയും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആയി ഏകീകരിച്ച സർക്കാർ ഉത്തരവിനെതിരെ കോൺഗ്രസ്. പുതിയൊരു തലമുറയുണ്ട് അവരെക്കൂടി പരിഗണിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു.
കോൺഗ്രസിന് കീഴിലെ സംഘടനകൾക്ക് അഭിപ്രായ വ്യത്യാസമുണ്ടായേക്കാം. എന്നാൽ കോൺഗ്രസിൻ്റെ തീരുമാനം യുവാക്കൾക്ക് അവസരം ലഭിക്കണമെന്നാണ്. സർവീസിലിരിക്കുന്നവർക്ക് വിരമിക്കൽ പ്രായം 60 എന്നത് ഗുണകരമാണ്. എന്നാൽ തൊഴിൽ രഹിതരായ ഒരു തലമുറ പെറ്റുപെരുകി വളരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ തീരുമാനം ഭാവി തലമുറയുടെ തൊഴിലവസരങ്ങൾ നഷ്‌ടപ്പെടുത്തും. അത് ഒഴിവാക്കണമെന്നതാണ് കോൺഗ്രസിന്‍റെ സമീപനമെന്നും സുധാകരൻ പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടിക്കെതിരെയും വിമർശനം:വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്‌താവനയേയും സുധാകരൻ വിമർശിച്ചു. കലാപ ശ്രമം എന്നത് ശിവൻകുട്ടിയുടെ ഭാവനയാണ്. മുഖം രക്ഷിക്കാനുള്ള ബാലിശമായ ആരോപണം. വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കണം. സമരത്തെ പിന്തുണയ്ക്കുന്നു. സർക്കാർ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കലാലയങ്ങൾ എസ്എഫ്‌ഐയുടെ കലാപശാലകൾ:കലാലയങ്ങളിൽ എസ്എഫ്ഐ ഗുണ്ടായിസമാണ് നടക്കുന്നതെന്നും കോളജുകളെ എസ്എഫ്ഐയുടെ കലാപശാലകളാക്കി മാറ്റിയിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. തൃശൂര്‍ മഹാരാജാസ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കോളജ് പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവർത്തകൻ ഭീഷണിപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുധാകരന്‍റെ പ്രതികരണം.
Also read: 'വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പ് കൂട്ടുന്നു', ആരോപണവുമായി മന്ത്രി വി ശിവൻകുട്ടി