തിരുവനന്തപുരം : സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അനുസരിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ പ്രവര്‍ത്തിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി ലോക്സഭ സ്പീക്കര്‍, പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്കി.
എംപിയായ തന്നെ സമൂഹമാധ്യമത്തില്‍ തേജോവധം ചെയ്യാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തന്നെ പ്രതി ചേര്‍ത്തുള്ള കള്ളക്കേസെന്ന് സുധാകരൻ പറഞ്ഞു. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയും പോക്സോ കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത മോൻസണ് മാവുങ്കല്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് മുഖാന്തരം എറണാകുളം പോക്സോ സെഷന് കോടതിയില്‍ നല്കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
മോന്സണ് മാവുങ്കലിനെ പോക്സോ കോടതി ശിക്ഷിച്ച ജൂണ്‍ 17നാണ് തനിക്കെതിരായ ഗൂഢാലോചന നടന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റസ്റ്റം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മോണ്സണ് മാവുങ്കലിനെ കൊണ്ടുപോയത്. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉള്ളതിനാലാണ് തന്റെ വണ്ടിയില്‍ കൊണ്ടുപോകുന്നത് എന്നാണ് റസ്റ്റം ജയില്‍ എസ്കോര്‍ട്ട് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
യാത്രാ മധ്യേ ഡിവൈഎസ്പി അദ്ദേഹത്തിന്റെ ഓഫിസില്‍ മോൻസണ് കഴിക്കാനുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ വണ്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അത് നിരസിക്കുകയും ഹോട്ടലില്‍ നിന്നും കഴിക്കാനുള്ള പണം ജയിലില്‍ നിന്ന് നല്‍കിയതായി ഡിവൈഎസ്പിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഡിവൈഎസ്പി മാധ്യമ പ്രവര്‍ത്തകരുടെ കാര്യം ഓര്‍മിപ്പിച്ച് വീണ്ടും നിര്‍ബന്ധിച്ചതായും മോൻസണ് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
അത് നടക്കാതെ വന്നപ്പോള്‍ കളമേശേരി ക്രൈംബ്രാഞ്ച് ഓഫിസിന് സമീപത്തുള്ള പെട്രോള്‍ പമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിര്‍ത്തി പുറത്തിറങ്ങിയ ഡിവൈഎസ്പി ആരോടോ ഫോണില്‍ സംസാരിച്ച ശേഷം തിരികെ വന്ന് തനിക്കെതിരെ രണ്ട് മൊഴികള്‍ എഴുതി നല്‍കണമെന്ന് ഭീക്ഷണിപ്പെടുത്തി. മോൻസണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സമയത്ത് കെ സുധാകരന് അവിടെ ഉണ്ടായിരുന്നതായും അനൂപ് 25 ലക്ഷം രൂപ മോൻസണ് നല്‍കിയത് കെ.സുധാകരന് പറഞ്ഞിട്ടാണെന്നും മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടു.