തിരുവനന്തപുരം:ആയിരം വട്ടം വേണ്ട ഒരു വട്ടമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് മാനനഷ്‌ട കേസ് കൊടുപ്പിക്കാമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. എംവി ഗോവിന്ദന്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്നും കെ സുധാകരന്‍ പ്രസ്‌താവിച്ചു. സ്വപ്‌ന സുരേഷ് ഒരുവട്ടം ആരോപണം ഉന്നയിച്ചപ്പോഴാണ് ഗോവിന്ദന്‍ മാസ്റ്റര്‍ മാനനഷ്‌ട കേസ് കൊടുക്കാമെന്നെങ്കിലും പറഞ്ഞതെന്നും സുധാകരന്‍ പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്‌ന സുരേഷ് ആയിരം വട്ടമെങ്കിലും ആരോപണം ഉന്നയിച്ചിട്ടുണ്ട്. വിമാന താവളത്തിലൂടെ കറന്‍സി കടത്ത്, കുടുംബാംഗങ്ങളുടെ വന്‍ ബിസിനസ് ഡീലുകള്‍, ബിരിയാണി ചെമ്പിലെ സ്വര്‍ണ കടത്ത് എന്നിങ്ങനെ കേരളം ഞെട്ടിപ്പോയ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. ആരോപണങ്ങള്‍ക്ക് എതിരെ ഒരു ചെറുവിരല്‍ പോലും അനക്കാത്ത മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ടെന്ന് ജനങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ ശനിയാഴ്‌ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്‌താവനയില്‍ മാനനഷ്‌ട കേസിനെ കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. ഇനിയും പുതിയ കഥകള്‍ വരുമെന്നാണ് സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവചിക്കുന്നത്. ഇത് തന്നെയാണ് മാനനഷ്‌ട കേസ് കൊടുക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനെ പിറകോട്ട് വലിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
സ്വപ്‌ന സുരേഷിനോട് ലൈംഗിക ഉദേശത്തോടെ സമീപിച്ച സിപിഎമ്മിന്‍റെ നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്‌ണന്‍, തോമസ് ഐസക്ക് എന്നിവരെ മാനനഷ്‌ട കേസ് കൊടുക്കാന്‍ പാര്‍ട്ടി അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇവരും ഇതുവരെ കേസ് നല്‍കിയിട്ടില്ല.
ഭയപ്പാടിലാണ് ഇവര്‍ എന്നതാണ് സത്യം. കടകംപള്ളി സുരേന്ദ്രനാണെങ്കില്‍ സ്വപ്‌ന സുരേഷിനോട് അങ്ങോട്ട് ചെന്ന് മാപ്പ് പറഞ്ഞ് നാണം കെടുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല സിപിഎം നേതാക്കളും മുന്‍മന്ത്രിമാരും നാണക്കേടിന്‍റെ പടുക്കുഴിയിലാണ്. ഒന്നാം പിണറായി സര്‍ക്കാരിലെ അംഗങ്ങളായ മന്ത്രിമാരെക്കാള്‍ കോമാളികളും കഴിവുക്കെട്ടുവരുമാണ് രണ്ടാം പിണറായി സര്‍ക്കാരിലെ അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സിസ തോമസ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ നടപടി വിവേകവും സ്വബോധവുമുള്ള ആരെങ്കിലും ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു. അഞ്ച് മാസം മുമ്പ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. സിസ തോമസ് വിരമിക്കാന്‍ 21 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നോട്ടിസ് നല്‍കിയത്. മറ്റൊരു മന്ത്രി പ്ലസ് വണ്‍ പരീക്ഷ ചോദ്യ കടലാസ് പേപ്പറുകള്‍ ചരിത്രത്തിലാദ്യമായി ചുവപ്പ് നിറത്തില്‍ അച്ചടിച്ചിരിക്കുന്നു. ദശാബ്‌ദങ്ങളായി കീഴവഴക്കം ലംഘിച്ചത് മുഖ്യമന്ത്രിയുടെ കറുപ്പ് ഫോബിയ മന്ത്രിമാരിലേക്ക് കൂടി പടര്‍ന്നതിന്‍റെ തെളിവാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.
ചുവപ്പ് ചോദ്യങ്ങളും വിവാദങ്ങളും:ഇക്കഴിഞ്ഞ ദിവസം ആരംഭിച്ച പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യ പേപ്പറുകളാണ് ചുവപ്പ് നിറത്തില്‍ അച്ചടിച്ചത്. ഇത് സംബന്ധിച്ച് അധ്യാപക സംഘടനകള്‍ക്ക് യാതൊരുവിധ സൂചനയും ലഭിച്ചിരുന്നില്ല. ചുവപ്പ് നിറത്തിലുള്ള ചോദ്യങ്ങള്‍ വായിച്ചെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടായെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടിയായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത് ചുവപ്പിനെന്താണ് കുഴപ്പമെന്നായിരുന്നു. പ്ലസ് വണ്‍ പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച് നടക്കുമ്പോള്‍ ചോദ്യ പേപ്പര്‍ മാറി നല്‍കാതിരിക്കാനാണ് ഇത്തരത്തില്‍ അച്ചടിച്ചതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.