തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ അദ്ദേഹത്തിന്‍റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നത് ബിജെപി സിപിഎം ബന്ധത്തെ വീണ്ടും അരക്കിട്ടുറപ്പിക്കുന്നെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി (K Sudhakaran Alleges CPM BJP Nexus In Manjeswaram Case). പ്രോസിക്യൂഷന്‍ മുഖ്യമന്ത്രിയുടെ വ്യക്തമായ നിര്‍ദേശം ഇല്ലാതെ ഈ നിലപാട് സ്വീകരിക്കില്ല. ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നെങ്കില്‍ അതു ബിജെപിക്ക് വലിയ തിരിച്ചടി ആകുമായിരുന്നു.
കൊടകര കുഴല്‍പ്പണക്കേസും മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസും ശരിയായ ദിശയില്‍ അന്വേഷിച്ചിരുന്നെങ്കില്‍ ബിജെപിയെ കേരളത്തില്‍നിന്നു കെട്ടുകെട്ടിക്കാമായിരുന്നു. രണ്ടു കേസുകളിലും കാട്ടിയ അലംഭാവം ബിജെപിക്കു രക്ഷപ്പെടാന്‍ പഴുതുകള്‍ ഉണ്ടാക്കിക്കൊടുത്തു.
ബിജെപി നേതാക്കള്‍ പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണക്കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ച ശേഷം ഇഡിയുടെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തിട്ടും ഇതുവരെ നടപ്പായില്ല. കുഴല്‍പ്പണക്കേസ് ഇഡിക്കു വിടാത്തത് ബിജെപി സിപിഎം ബന്ധത്തിലെ വേറൊരു അധ്യായമാണ്. പ്രത്യുപകാരമായി മുഖ്യമന്ത്രിക്കെതിരായ ലൈഫ്‌മിഷന്‍ കേസ്, സ്വര്‍ണക്കടത്തുകേസ് തുടങ്ങിയവയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം കേന്ദ്ര സര്‍ക്കാരും മരവിപ്പിച്ചു.
ബിജെപി സഖ്യത്തിലേര്‍പ്പെട്ട ജനതാദള്‍ ദേശീയ പ്രസിഡന്‍റ് എച്ച് ഡി ദേവഗൗഡയും അദ്ദേഹത്തിന്‍റെ മകനായ കുമാരസ്വാമിയും പിണറായി വിജയന്‍റെ ആശീര്‍വാദവും അനുഗ്രഹവും തങ്ങള്‍ക്കൊപ്പമാണെന്ന് തുറന്നു പറഞ്ഞ് അദ്ദേഹത്തിന്‍റെ പൊയ്‌മുഖം ചീന്തിയെറിഞ്ഞു. ബിജെപി സഖ്യമുള്ള ജനതാദളിനെ മന്ത്രിസഭയില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കാന്‍ പിണറായി വിജയന്‍റെ മുട്ടിടിക്കും. കേരള മുഖ്യമന്ത്രിയില്‍ നിന്നും ബിജെപിക്ക് മനസാ വാചാ കര്‍മണാ ദോഷം ഉണ്ടാകുന്ന ഒരു പ്രവര്‍ത്തിയും പ്രതീക്ഷിക്കേണ്ടെന്നും സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.