തിരുവനന്തപുരം: പരാതി അറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. പരാതിക്കാരിയുടെ ഭൗതിക സാഹചര്യം എന്തെന്ന്പോലും മനസിലാക്കാതെയാണ് ചാനല്‍ പരിപാടിയില്‍ എം.സി ജോസഫൈന്‍ അവരെ അപമാനിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു.
എല്ലാവര്‍ക്കും പൊലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പരസ്യപ്പെടുത്തിയത് എന്ന് സുധാകരന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വിമര്‍ശനം.
സിപിഎം പ്രവര്‍ത്തകര്‍ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പോള്‍ ആ പ്രതികളെ സംരക്ഷിക്കാനുള്ള സഹകരണ സംഘം എന്ന നിലയിലാണ് വനിതാ കമ്മിഷന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
വനിതാ കമ്മിഷന്‍റെ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. കമ്മിഷന്‍ ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ ജോസഫൈന്‍റെ കോലം കത്തിച്ചു.