കേരളം

kerala

ETV Bharat / state

K Sudhakaran Against LDF : ബിജെപി സഖ്യകക്ഷിയായ ജെഡിഎസിനെ പുറത്താക്കാത്തത് സിപിഎമ്മിന്‍റെ സംഘപരിവാര്‍ മനസിന് തെളിവ് : കെ സുധാകരന്‍ - കെ കൃഷ്‌ണന്‍കുട്ടി

K Sudhakaran Against CM Pinarayi Vijayan : മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബിജെപി ഉന്നത സൗഹൃദത്തിന്‍റെ ഗുണഫലമാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ പലതും ആവിയായിപ്പോയതെന്ന് കെ സുധാകരന്‍

k sudhakaran  jds merger to bjp  BJP  k krishnankutty  cm pinarayi vijayan  ബിജെപി  കെ സുധാകരന്‍  ബിജെപിയില്‍ ജെഡിഎസ്‌ ലയനം  പിണറായി വിജയന്‍  കെ കൃഷ്‌ണന്‍കുട്ടി  സിപിഎം
K Sudhakaran Against LDF On JDS Merger To Bjp

By ETV Bharat Kerala Team

Published : Sep 26, 2023, 8:25 PM IST

തിരുവനന്തപുരം :ബിജെപിയുടെ (BJP) സഖ്യകക്ഷിയായ ജെഡിഎസിനെ (JDS) മന്ത്രിസഭയില്‍ നിന്നും എല്‍ഡിഎഫില്‍ (LDF) നിന്നും പുറത്താക്കാതെ പിണറായി സര്‍ക്കാര്‍ (Pinarayi govt) ജനസദസ് എന്ന തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ തയ്യാറെടുക്കുന്നതിലൂടെ സിപിഎമ്മിന്‍റെ ഫാസിസ്‌റ്റ്-സംഘപരിവാര്‍ അനുകൂല മനസ് പ്രകടമായെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ബിജെപി വിരുദ്ധത സിപിഎമ്മിന് എന്നും അധരവ്യായാമം മാത്രമാണ്. സംഘപരിവാര്‍ വിരോധത്തില്‍ സിപിഎമ്മിന് ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ ബിജെപി പാളയത്തിലെത്തിയ ജെഡിഎസിനെ ഉടനെ മന്ത്രിസഭയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പുറത്താക്കുകയോ ബിജെപി ബന്ധം ഉപേക്ഷിച്ച് വരുന്നതുവരെ മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു (K Sudhakaran Against LDF).

സംഘപരിവാര്‍ വിരോധികളാണ് തങ്ങളെന്ന് ന്യൂനപക്ഷങ്ങളെ വിശ്വസിപ്പിച്ച് വഞ്ചിക്കുന്ന സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് ഇതിലൂടെ മറനീക്കി പുറത്തുവന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തില്‍ വിള്ളലുണ്ടാക്കുന്ന സമീപനം സിപിഎം സ്വീകരിക്കുന്നതും ഇതേ മനോഭാവത്തോടെയാണ്. സിപിഎമ്മിന്‍റെ മുഖ്യശത്രു കോണ്‍ഗ്രസ് മാത്രമാണ്.

സിപിഎമ്മിന് ബിജെപിയോട് ഒരിക്കലും അയിത്തം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബിജെപി ഉന്നത സൗഹൃദത്തിന്‍റെ ഗുണഫലമാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ പലതും ആവിയായിപ്പോയത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ അദ്ദേഹത്തിന്‍റെ നിഴലിനെ പോലും ഭയക്കുന്നത് സംഘമിത്രത്തോടുള്ള കൂറുകൊണ്ടാണ്.

കരുവന്നൂരിലെ നിക്ഷേപ തട്ടിപ്പില്‍ നടക്കുന്ന ഇഡി അന്വേഷണത്തിന്‍റെ ഗതി വരുംദിവസങ്ങളില്‍ അറിയാം. സിപിഎം -ബിജെപി ബന്ധം കൂടുതല്‍ ദൃഢമാക്കുന്ന ബൈപ്പാസായി ജെഡിഎസിന്‍റെ ബിജെപി സഖ്യ പ്രവേശനം മാറും. അതിനാലാണ് ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിഎസിനെ കേരളത്തില്‍ ചുമക്കാന്‍ സിപിഎം തീരുമാനിച്ചത്.

സിപിഎമ്മിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പണം പിരിക്കാനും വേണ്ടിയുള്ള ഉപാധിയായി കേരളീയം, ജനസദസ് പരിപാടികളെ മാറ്റുകയാണ് ലക്ഷ്യം. സ്പോണ്‍സര്‍മാരെ കണ്ടെത്തി കോടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിരിക്കുക എന്ന നിഗൂഢലക്ഷ്യമാണ് മന്ത്രിമാരുടെ മണ്ഡലപര്യടനത്തിന് പിന്നിലുള്ളത്. നാളിതുവരെ അകലം പാലിച്ച എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളോട് അമിത താല്‍പ്പര്യം കാട്ടുന്നതിന് പിന്നിലെ ചതി തിരിച്ചറിയാനുള്ള വിവേകം അവര്‍ക്കുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ സെക്യുലർ (JDS) ദേശീയ തലത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് കേരള ഘടകം. കൂറുമാറ്റ നിരോധ നിയമം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ജെഡിഎസിന് പുതിയ പാർട്ടി രൂപീകരിക്കാൻ കഴിയില്ലെന്നിരിക്കെ ആർക്കൊപ്പം ലയിക്കുമെന്നതിൽ പല അഭിപ്രായങ്ങളാണ്.

കേരളത്തിലെ ജെഡിഎസ്‌ എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയും വ്യക്തമാക്കിയതാണ്. അതില്‍ ഒരു മാറ്റവുമില്ലെന്ന് ഇപ്പോഴും അവര്‍ പറയുന്നു. ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡിയില്‍ ലയിക്കണമെന്നാണ് മന്ത്രി കൃഷ്‌ണന്‍കുട്ടിയുടെ താല്‍പര്യം. എന്നാല്‍, കേരളത്തിലെ മറ്റൊരു ജനത പാര്‍ട്ടിയായ എല്‍ജെഡി ആര്‍ജെഡിയുമായി ലയിച്ച സാഹചര്യത്തില്‍ അത്തരമൊരു നീക്കം വേണ്ടെന്നാണ് പൊതു വിലയിരുത്തല്‍.

എൻഡിഎയിൽ പോയി തിരിച്ചെത്തിയ നിതീഷ് കുമാറിൻ്റെ പാർട്ടിയുമായി ലയിക്കണമെന്നാണ് മറ്റൊരു വിഭാഗത്തിൻ്റെ അഭിപ്രായം. എന്നാൽ കൃത്യമായ ഒരു നിലപാടില്ലാത്ത നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് ഭൂരിപക്ഷ നിലപാട്. അഖിലേഷ് യാദവിന്‍റെ എസ്.പിയോടൊപ്പം പോകാനാണ് നിലവിൽ ജെ.ഡി.എസ് കേരള ഘടകം ആലോചിക്കുന്നത്. പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും.

ABOUT THE AUTHOR

...view details