തിരുവനന്തപുരം: കേരള പൊലീസ്, സി.പി.എം ഗുണ്ടകളുടെ ബി ടീമിനെ പോലെയാണ് പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. സംസ്ഥാനത്ത് സി.പി.എം ക്രിമിനലുകള്‍ നടത്തുന്ന എല്ലാ അക്രമങ്ങള്‍ക്കും ചൂട്ടുപിടിച്ച് സംരക്ഷണം ഒരുക്കുകയാണ് പൊലീസ്. വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി തന്നെ ആരോപണ വിധേയനായി നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസ് സ്വയം ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.
മധ്യസ്ഥതയ്‌ക്ക് ആളെ വിട്ടും കള്ള മൊഴി നല്‍കിയും വിജിലന്‍സ് മേധാവി മുതല്‍ ഗണ്‍മാന്‍ വരെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഓടി നടക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുടെ ഗുരുതര വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേരെ പൊലീസ് മൃഗീയ നരനായാട്ട് നടത്തുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്‌ക്കും കണ്ണിനും നേരെയാണ് പൊലീസ്, ലാത്തി പ്രയോഗിക്കുന്നത്. ഇത് പോരാത്തതിന് സമരക്കാരെ മര്‍ദിക്കാന്‍ സി.പി.എം ഗുണ്ടകളെ ഇറക്കി.