തിരുവനന്തപുരം : എംടി വാസുദേവന്‍ നായരുടെ പ്രസംഗം മോദിക്കെതിരെയാണെന്നും അതിന് മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമില്ലെന്നുമുള്ള ഇടതുപക്ഷ കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പ്രസ്‌താവന കൊട്ടാരം വിദൂഷകന്‍ എന്ന നിലയ്ക്കാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പിണറായി സ്‌തുതിപാഠകരുടെ സംഘനേതാവാണ് ജയരാജനെന്നും എല്ലാ ഏകാധിപതികള്‍ക്കെതിരെയും ഉയര്‍ന്ന മാനവരാശിയുടെ നിലവിളിയാണ് എംടിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു (MT's Statement).
മോദിയും പിണറായിയും തമ്മില്‍ ഇതിൽ മത്സരം നടക്കുന്നത് ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കുവേണ്ടിയാണ്. എംടി താന്‍ മലയാളത്തിലാണ് സംസാരിച്ചതെന്നും മലയാളം അറിയാവുന്നവര്‍ക്കെല്ലാം താന്‍ പറഞ്ഞത് മനസിലാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുകളില്‍ കയറിയൊരു ഭാഷ്യം നല്‍കാന്‍ ശ്രമിക്കുന്നത് കൊട്ടാരം വിദൂഷകന്‍റെ ചുമതലയാണെന്നും സുധാകരന്‍ പറഞ്ഞു (K Sudhakaran on EP Jayarajan's statement).
എം ടിയുടേത് പൊതു പ്രസ്‌താവനയാണെന്നും ഇന്ത്യയുടെ പൊതു സന്ദർഭമായി വ്യാഖ്യാനിക്കാമെന്നും കവി സച്ചിദാനന്ദൻ പറഞ്ഞിരുന്നു. കോഴിക്കോട് നടക്കുന്ന ഏഴാമത് കേരള സാഹിത്യോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി രാഷ്‌ട്രീയ വിമർശനം നടത്തിയത്. വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു. എന്നാൽ പ്രസംഗം വിവാദമായതോടെ അത് സർക്കാറിനെയോ പിണറായിയേയോ ഉദ്ദേശിച്ചല്ലെന്നും മലയാളം അറിയാവുന്നവർക്ക് മനസിലാകുമെന്നും പറഞ്ഞ് എംടി വിശദീകരണം നല്‍കിയതായി സിപിഎം അനുകൂല മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.