തിരുവനന്തപുരം :രണ്ടുടേം ഭരിച്ചിട്ട് കേരളത്തിൽ എന്തുണ്ടാക്കിയെന്ന് കാണിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടത് സർക്കാരുകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പോലും പിണറായി സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു (KPCC President Against CM). സര്‍ക്കാര്‍ അഴിമതികള്‍ ഉയര്‍ത്തിക്കാട്ടി യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധ സമരത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍ (K Sudharakan In UDF Protest).
ചരിത്രത്തിൽ ഇത്ര മോശപ്പെട്ട ഒരു ഇടത് സർക്കാര്‍ ഇതുവരെയും ഉണ്ടായിട്ടില്ല. രണ്ടാം ടേം ആയല്ലോ ആശാൻ ഇവിടെ വിലസുന്നത്, രണ്ട് ടേം ഭരിച്ച പിണറായി വിജയന് എന്ത് നേട്ടമാണ് പറയാനുള്ളത്. കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ എന്താണ് സർക്കാർ ചെയ്‌തത്. റബ്ബർ കർഷകരെ വ്യാമോഹിപ്പിച്ചിട്ട് എന്ത് കൊടുത്തെന്നും അദ്ദേഹം ചോദിച്ചു.
വിഴിഞ്ഞം തുറമുഖം ഞങ്ങൾ ഉന്തി തള്ളി മുന്നോട്ട് കൊണ്ടുപോയതാണ്. ഞാൻ മാത്രം എന്ന് പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി തുറമുഖത്ത് ആദ്യ കപ്പൽ എത്തിയതിൻ്റെ ഉദ്ഘാടന ചടങ്ങ് കൊണ്ടുപോയത്. ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. സ്വന്തം പടം വച്ച് ഫ്ലക്‌സ് അടിച്ച് മേനി നടിച്ചു. മുൻ മുഖ്യമന്ത്രിമാരെയും മറ്റുള്ളവരെയും പരാമർശിച്ചില്ല. ഇടതുപക്ഷത്തിന്‍റെ മാന്യത കാണിക്കാൻ പിണറായിക്ക് കഴിയുന്നില്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.