തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി (K Sudhakaran Against CM). കോടിയേരിയേക്കാള്‍ പിണറായി പ്രാധാന്യം നൽകിയത് വിദേശ പര്യടനത്തിനായിരുന്നു. വന്‍കിട മുതലാളിമാരുമായുള്ള കൂടിക്കാഴ്‌ച നേരത്തെ നിശ്ചയിച്ചിരുന്നതിനാല്‍ അത് മാറ്റിവയ്ക്കാന്‍ പിണറായി തയ്യാറായില്ല.
2022 ഒക്ടോബര്‍ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലാംതീയതി പുലര്‍ച്ചെ പിണറായി വിദേശത്തേക്ക് പറന്നു. തിരുവനന്തപുരത്ത് പൊതുദര്‍ശനവും തുടര്‍ന്ന് വിലാപ യാത്രയും നടത്തിയാല്‍ പിണറായിയുടെ വിദേശപര്യടനം പ്രതിസന്ധിയിലാകുമായിരുന്നു. അതുകൊണ്ടാണ് സിപിഎമ്മിന്‍റെ എല്ലാ കീഴ്വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുകയും ചെയ്‌ത തരത്തിലുള്ള യാത്രയയപ്പ് നൽകിയതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
ALSO READ:'നില മോശമായിരുന്നു, തീരുമാനം ഡോക്‌ടര്‍മാരുടെ നിര്‍ദേശത്താല്‍'; കോടിയേരി പൊതുദര്‍ശന വിവാദത്തില്‍ മന്ത്രി വാസവന്‍
തലസ്ഥാനത്ത് ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് കുടുംബം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് ഒന്നാം ചരമ വാര്‍ഷികവേളയില്‍ വെളിപ്പെടുത്തിയത്. ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ഇക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ, ഗോവിന്ദന്‍ മാഷിനോട് ഇത് അച്ഛന്‍റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണമെന്ന് മക്കള്‍ പറഞ്ഞിരുന്നു എന്നും വിനോദിനി വെളിപ്പെടുത്തി.
ഭൗതിക ശരീരവുമായി ദീര്‍ഘയാത്ര ഒഴിവാക്കണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചതുകൊണ്ടാണ് നേരെ കണ്ണൂരേക്ക് കൊണ്ടുപോയതെന്ന പാര്‍ട്ടിയുടെ വിശദീകരണമാണ് കുടുംബത്തിന്‍റെ വെളിപ്പെടുത്തലോടെ അടപടലം പൊളിഞ്ഞത്. കുടുംബത്തില്‍ നിന്നുയര്‍ന്ന പരാതിക്ക് പിണറായി വിജയന്‍ മറുപടി പറഞ്ഞേ തീരൂവെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. കോടിയേരിയുടെ ഭൗതിക ശരീരം ചെന്നൈയില്‍ നിന്ന് നേരെ കണ്ണൂരേക്ക് കൊണ്ടുപോയി സംസ്‌കരിച്ചത് പാര്‍ട്ടിയുടെ എല്ലാ കീഴ്വഴക്കങ്ങളും കാറ്റില്‍പ്പറത്തിയാണ്.
ALSO READ:CM Remembers Kodiyeri Balakrishnan : 'കോടിയേരിയുടെ ചിരസ്‌മരണ വഴിവിളക്കുപോലെ ജ്വലിക്കുന്നു' ; അനുസ്‌മരിച്ച് മുഖ്യമന്ത്രി
എകെജിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തുനിന്ന് പയ്യാമ്പലത്തെത്താന്‍ രണ്ട് ദിവസമെടുത്തു. ഇകെ നായനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും ഭൗതിക ശരീരം തിരുവനന്തപുരത്ത് നിന്ന് പയ്യാമ്പലത്തേക്ക് കൊണ്ടുപോയത് പതിനായിരങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയാണ്. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലായിരുന്നു ഇവരുടെ അന്ത്യയാത്ര. ഇവരുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് അനുശോചന ദുഃഖാചരണം നടത്തിയെങ്കിലും കോടിയേരിയുടെ കാര്യത്തില്‍ അതും ഉണ്ടായില്ല.
ALSO READ:Kodiyeri Balakrishnan Memorial At Payyambalam : ചരിത്രതീരത്ത് നിത്യസ്‌മാരകം, പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്‌ണന് സ്‌മൃതി മണ്ഡപം
ആഭ്യന്തര മന്ത്രിയായും പാര്‍ട്ടി സെക്രട്ടറിയായും എംഎല്‍എയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച കോടിയേരിയുടെ പ്രധാനപ്പെട്ട ഒരു കര്‍മഭൂമി തിരുവനന്തപുരമായിരുന്നു. കണ്ണൂരിന് പുറത്തും അദ്ദേഹം ജനകീയനായിരുന്നു. അദ്ദേഹത്തിന് തിരുവനന്തപുരത്തും അവിടെ നിന്ന് കണ്ണൂര്‍ വരെയുമുള്ള വിലാപയാത്രയ്ക്കും ലഭിക്കുമായിരുന്ന ജനപങ്കാളിത്തം ചിലരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും സുധാകരന്‍ ആരോപിച്ചു.