തിരുവനന്തപുരം: സോഷ്യല്‍ മീഡിയയെ (Social Media) ഉപയോഗിച്ച് സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണം (CM Pinarayi Vijayan's Allegation) തികച്ചും ബാലിശമാണെന്ന് കെപിസിസി പ്രസിഡന്‍റ് (KPCC President) കെ സുധാകരന്‍ എംപി (K Sudhakaran MP). സൈബറിടത്ത് കൊല്ലും കൊലവിളിയും വ്യക്തിഹത്യയും നടത്തുന്ന സിപിഎം സൈബര്‍ സേനയുടെ സംരക്ഷകനാണ് പിണറായി വിജയന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും (Oommen Chandy) കോണ്‍ഗ്രസ് നേതാക്കളെയും മൃഗീയമായ സൈബര്‍ ആക്രമണത്തിലൂടെ അരിഞ്ഞുവീഴ്ത്താന്‍ കടന്നലുകള്‍ എന്നു വിളിക്കുന്ന സൈബര്‍ ക്രിമിനലുകളെ പോറ്റിവളര്‍ത്തുന്നയാളാണ് ഇപ്പോള്‍ വിലാപവുമായി രംഗത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ:ജനങ്ങളുടെ പണം ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി മാത്രം കള്ളപ്രചരണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ 12 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് പ്രതിമാസം ലക്ഷക്കണക്കിന് രൂപ ശമ്പളം നല്‍കുന്നത് ആരുടെയും വീട്ടില്‍ നിന്നെടുത്തല്ല. ടീം ലീഡര്‍, കണ്ടന്‍റ് മാനേജര്‍, സീനിയര്‍ വെബ് അഡ്‌മിനിസ്ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ തുടങ്ങിയവരെല്ലാം കനത്ത ശമ്പളം പറ്റുന്നവരാണ്. സിപിഎമ്മിന്‍റെ സൈബര്‍ ഗുണ്ടകള്‍ക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ ഈ ഫാക്‌ടറിയാണ് നിര്‍മിക്കുന്നതെന്നും സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഐഎഎസുകാരുടെ അത്രയും ശമ്പളം പറ്റുന്ന രണ്ട് പ്രസ് സെക്രട്ടറിമാര്‍, അവരുടെ സഹായികള്‍ തുടങ്ങി മറ്റൊരു സംഘവും മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ട്. ഇവരെല്ലാവരും തന്നെ പാര്‍ട്ടി പ്രവര്‍ത്തകരാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സി-ഡിറ്റില്‍ നിന്നും പിആര്‍ഡിയില്‍ നിന്നും വിരലിലെണ്ണാവുന്നവരെ ഡെപ്യൂട്ടേഷനില്‍ എടുത്ത് നിര്‍വഹിച്ചിരുന്ന ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഇവരുടെയും പ്രധാന പരിപാടി വ്യാജ പ്രചരണവും വ്യാജനിര്‍മിതികളുമാണ്. എകെജി സെന്‍ററിലും മറ്റൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.