തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പൊലീസിനെ വന്ധ്യംകരിച്ച് റെഡ് വോളന്‍റിയര്‍ സേനയാക്കി തരംതാഴ്ത്തിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി ആഭ്യന്തരം ഭരിക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിവുകളുണ്ടായാലും പ്രതിയെ പിടിക്കാന്‍ കേരള പൊലീസിനാവില്ല. അതിന് ഉദാഹരണമാണ് ഭരണഘടനയിലെ മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം, കുടചക്രം എന്ന് വിളിച്ച് അധിക്ഷേപിച്ച മുന്‍മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാനെതിരായ കേസില്‍ തെളിവില്ലെന്ന് കണ്ട് തീര്‍പ്പാക്കാനുള്ള ആഭ്യന്തര വകുപ്പിന്‍റെ ശ്രമം.
അഞ്ചുമാസങ്ങള്‍ക്ക് മുന്‍പെ അദ്ദേഹം നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ലഭ്യമാണെങ്കിലും പൊലീസ് ഭാഷ്യം തെളിവില്ലെന്നാണ്. പൊലീസിന്‍റെ ചരിത്രത്തില്‍ ഇത്രയും വിരോധാഭാസ നിലപാട് സ്വീകരിച്ച കാലഘട്ടം ഉണ്ടാവില്ല. ഭരണഘടനയോട് തെല്ലും ആദരവില്ലാത്ത സിപിഎം അന്നു മുതല്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കാനുള്ള തത്രപ്പാടിലായിരുന്നു.
പേരിനൊരു കേസെടുത്തതല്ലാതെ മറ്റു നടപടികളിലേക്ക് കടക്കാത്തതും അതിനാലാണ്. ധാര്‍മിക മൂല്യങ്ങള്‍ക്ക് നേരെ സിപിഎമ്മും സര്‍ക്കാരും കൊഞ്ഞനം കാട്ടുകയാണെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
എല്ലാ വിധ്വംസക ശക്തികള്‍ക്കും സംരക്ഷണം ഒരുക്കുക എന്നത് സിപിഎമ്മിന്‍റെ പ്രഖ്യാപിത നയമാണ്.
അതിനാലാണ് സിപിഎമ്മുകാര്‍ പ്രതികളാകുന്ന എല്ലാ കേസുകളിലും തുടര്‍ച്ചയായി തെളിവുകളുടെ അഭാവം എന്ന വിചിത്ര കണ്ടെത്തല്‍ കേരള പൊലീസ് നടത്തുന്നത്. എന്നാല്‍ നിരപരാധികളായ സാധാരണക്കാരെ മര്‍ദിച്ച് ജീവച്ഛവമാക്കി കേസില്‍ കുടുക്കുന്ന ക്രൂരവിനോദം പൊലീസ് യഥേഷ്‌ടം തുടരുകയും ചെയ്യുന്നു. കേരളത്തിന്‍റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളെ തല്ലിയൊതുക്കാന്‍ കേന്ദ്രസേനയെ വിളിക്കാന്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച ആഭ്യന്തരവകുപ്പ് മന്ത്രി രാഷ്ട്രീയ കൊലയാളികള്‍ക്ക് ശിക്ഷ ഇളവ് പ്രഖ്യാപിച്ചതില്‍ അത്ഭുതപ്പെടാനില്ല.
ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ കേസില്‍ നിന്നും ഒഴിവാക്കി മന്ത്രിപദത്തിലേക്ക് മടങ്ങാനും സ്വജനപക്ഷപാതം നടത്തിയ മേയറെ അധികാരത്തില്‍ തുടരാനുമുള്ള കളം ഒരുക്കുകയാണ് പൊലീസ്. എന്നാല്‍ ജനാധിപത്യബോധമുള്ള കേരളീയ സമൂഹം അതിനെ എതിര്‍ക്കുമെന്നും അവരുടെ വികാരം ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.