തിരുവനന്തപുരം:എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. അധികാര ഗര്‍വ്വിന്‍റെ ഉടുക്ക് കൊട്ടിയാല്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. ജനങ്ങളുടെ മൂര്‍ധാവില്‍ ഇടിത്തീപോലെ കെട്ടിവച്ച നികുതിക്കൊള്ളയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതെന്നും സുധാകരൻ വ്യക്‌തമാക്കി.
ജനങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നിലകൊള്ളുമ്പോള്‍ കേസെടുത്തും പിപ്പിടി കാട്ടിയും വിരട്ടി മൂലയ്ക്ക് ഇരുത്താമെന്നത് മുഖ്യമന്ത്രിയുടെ മിഥ്യാധാരണയാണ്. കേസും കോടതിയും ഒരുപാട് കണ്ട പ്രസ്ഥാനമാണിത്. കെഎസ്‌യു പ്രവര്‍ത്തകയെ തെരുവില്‍ മുഖ്യമന്ത്രിക്കു വേണ്ടി പുരുഷ പൊലീസ് കയറിപ്പിടിച്ചിട്ട് എന്തു നടപടിയാണെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ആ പെണ്‍കുട്ടി നല്‍കിയ പരാതി പൊലീസ് വലിച്ചു കീറി ചവറ്റുകൊട്ടയിലിട്ടില്ലേ. ഇതാണോ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സ്‌ത്രീ സുരക്ഷ. ജനങ്ങളെ തടവിലാക്കി യാത്ര ചെയ്യുന്ന മുഖ്യമന്ത്രി എന്തു മനോനിലയിലാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നതെന്ന് മനസിലാകുന്നില്ല.
പൊലീസ് ഉദ്യോഗസ്ഥനാല്‍ ഒരു പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ട് അവര്‍ക്ക് നീതി ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ട വനിത കമ്മിഷന്‍ എവിടെയാണ്. ഏതെങ്കിലും മനോരോഗികളായ ഉദ്യോഗസ്ഥരുടെ കൈത്തരിപ്പ് തീര്‍ക്കാനുള്ളതല്ല കോണ്‍ഗ്രസിന്‍റെ കുട്ടികള്‍. സ്ത്രീത്വത്തെ അപമാനിച്ച ഉദ്യോഗസ്ഥനെതിരെ എത്രയും വേഗം നടപടിയെടുക്കണം.
അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്‌ത് കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതിയില്‍ നിയമ നടപടി സ്വീകരിക്കണം. സിപിഎമ്മിന് ദാസ്യ വേല ചെയ്‌തതിന്‍റെ പേരില്‍ ആ ഉദ്യോഗസ്ഥനെ സംരക്ഷിച്ചാല്‍ അതിനെ തെരുവില്‍ എങ്ങനെ നേരിടണമെന്ന ഉത്തമ ബോധ്യം കോണ്‍ഗ്രസിനുണ്ട്. നിമയത്തെ നോക്കുകുത്തിയാക്കി വഴിവിട്ട് പൊലീസ് പ്രവര്‍ത്തിച്ചാല്‍ അതേ ശൈലിയില്‍ തന്നെ കോണ്‍ഗ്രസ് തിരിച്ചടിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.
ഭീഷണി, പിന്നാലെ കേസ്:സമൂഹ മാധ്യമത്തിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തിയതിനാണ് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ പൊലീസ് കേസെടുത്തത്. കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടു വീശിയ കെഎസ്‌യു ജില്ല സെക്രട്ടറി മിവ ജോളിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ പിടിച്ചുമാറ്റുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഷിയാസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.
ചിത്രത്തോടൊപ്പം 'ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്‌ക്കും, കളി കോൺഗ്രസിനോട് വേണ്ട' എന്നും ഷിയാസ് കുറിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസിനെ ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിന് ഷിയാസിനെതിരെ കേസെടുത്തത്. നേരത്തെ വനിത പ്രവർത്തകയെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്‌തുവെന്ന് ആരോപിച്ച് ഷിയാസ് പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
കെഎസ്‌യു വനിത നേതാവിനെ ഒരുകൂട്ടം പുരുഷ പൊലീസുമാർ കയറിപ്പിടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്‌തുവെന്നായിരുന്നു പരാതി. കളമശേരി സിഐ പിആർ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ക്കെതിരെയാണ് പരാതി നൽകിയത്. അതേസമയം ആ പരാതിയിൽ നടപടിയെടുക്കാത്ത പൊലീസ് പരാതിക്കാരനെ തന്നെ പ്രതിയാക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് 506, പൊലീസ് ആക്‌ട് 117 ഇ, 120(O) എന്നീ വകുപ്പുകൾ പ്രകാരമാണ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുത്തിരിക്കുന്നത്.
ALSO READ:പൊലീസിനെ ഭീഷണിപ്പെടുത്തി ഫേസ്‌ബുക്ക് പോസ്‌റ്റ്: മുഹമ്മദ് ഷിയാസിനെതിരെ കേസെടുത്ത് പൊലീസ്