തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്‌തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടേത് സ്‌നേഹ യാത്രയല്ലെന്നും മുപ്പതുവെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്‍റെ ചുംബനമാണെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുത്ത ചരിത്രം മാത്രമെ സംഘ്പരിവാറിനുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി (KPCC President K Sudhakaran). ബിജെപിയുടെ സ്‌നേഹ യാത്രയെ കുറിച്ച് വാര്‍ത്ത കുറിപ്പില്‍ പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍.
റബര്‍ വില 200 രൂപയാക്കാമെന്ന് മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്‌മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്‌തവരെ പാട്ടിലാക്കാന്‍ ഓടി നടക്കുന്ന കേരളത്തിലെ ബിജെപിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടന്നപ്പോള്‍ ഓടിയൊളിച്ച് ആട്ടിന്‍ തോലിട്ട ചെന്നായയുടെ തനിസ്വരൂപം പ്രദര്‍ശിപ്പിച്ചു. മണിപ്പൂരിലും രാജ്യവ്യാപകമായും ക്രൈസ്‌തവര്‍ക്കെതിരെ സംഘ്പരിവാരങ്ങളുടെ ആക്രമണം തുടരുന്നതിനിടയിലാണ് കേരളത്തില്‍ മാത്രം അവര്‍ വീണ്ടും സ്‌പെഷ്യല്‍ ന്യൂനപക്ഷ പ്രേമം വിളമ്പുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു (K Sudhakaran About BJP Sneha Yatra).
ക്രൈസ്‌തവര്‍ക്കെതിരെ ഈ വര്‍ഷം 687 അതിക്രമങ്ങള്‍ ഉണ്ടായെന്നാണ് ഡല്‍ഹിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം വെളിപ്പെടുത്തിയത്. ഓരോ ദിവസവും 2 ക്രൈസ്‌തവര്‍ വീതം അക്രമത്തിന് ഇരയാകുന്നു. പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കുന്നു (KPCC President K Sudhakaran Criticized BJP).
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഹിന്ദി ഹൃദയ ഭൂമിയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്‍റെ ഹെല്‍പ്പ് ലൈനില്‍ 2014ല്‍ 147 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ 2023ല്‍ അത് 687 ആയി കുതിച്ചുയര്‍ന്നു. 7 മാസമായി മണിപ്പൂര്‍ കത്തിയെരിഞ്ഞിട്ടും നൂറുകണക്കിന് പേരെ കൊന്ന് കുക്കി, ഗോത്രവര്‍ഗ, ക്രിസ്ത്യന്‍ സമൂഹത്തെ വേട്ടയാടിയിട്ടും പ്രധാനമന്ത്രി അതീവ ഗൗരവമുള്ള ഈ വിഷയത്തില്‍ ഇടപെട്ടില്ല (Manipur Conflict).