തിരുവനന്തപുരം :ഉപതെരഞ്ഞെടുപ്പ് ഫലം ജനത്തെ വെല്ലുവിളിച്ചതിനും പരിഹസിച്ചതിനും സർക്കാരിന് കിട്ടിയ തിരിച്ചടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 28 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് മുന്നേറ്റമുണ്ടാക്കിയതെന്നും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് ആറ് സീറ്റുകള്‍ പിടിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ജനവിധി പുറത്തുവന്നപ്പോള്‍ ആളുകള്‍ എത്രത്തോളം എല്‍ഡിഎഫിനെ വെറുക്കുന്നുവെന്നതിന്‍റെ ആഴം വ്യക്തമായെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ധനത്തിന് അധികനികുതി ചുമത്തി സംസ്ഥാന സർക്കാരും പാചകവാതക വില കൂട്ടി കേന്ദ്ര സർക്കാരും ദ്രോഹിക്കുന്നു. അധികാരത്തിന്‍റെ ധാര്‍ഷ്‌ട്യത്തില്‍ എന്തുചെയ്താലും ജനം അതെല്ലാം സഹിക്കുമെന്ന മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും മിഥ്യാധാരണ ജനം പൊളിച്ചടുക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാക്കുകളില്‍ പരിഹാസം എല്ലായ്‌പ്പോഴും മുഴച്ച് നിന്നിരുന്നു. ബജറ്റിലെ നികുതിക്കൊള്ളയും ഇന്ധന സെസും കുറയ്ക്കണമെന്ന് കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെട്ടപ്പോള്‍ ജനത്തിന് അത്തരമൊരു അഭിപ്രായമില്ലെന്ന മുന്‍വിധിയോടെയുള്ള പരിഹാസം നിറഞ്ഞ മറുപടിയാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫ് അംഗങ്ങളും നല്‍കിയതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.