തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനൊപ്പം റേഷൻ കടകളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് കേരള സർക്കാർ. റേഷൻ കടകളെ ഹൈ ടെക് സെന്‍ററുകളാക്കി മാറ്റുന്ന കെ- സ്റ്റോർ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. ആദ്യ ഘട്ടത്തിൽ 108 കെ സ്റ്റോറുകൾ പ്രവർത്തനസജ്ജമാക്കിയതായി മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.
ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ റേഷൻ കടകളെയും കെ സ്റ്റോറുകൾ ആക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റേഷൻ കടകളിലെ പശ്ചാത്തല സൗകര്യം വർധിപ്പിച്ച് ജനസൗഹൃദമാക്കി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുന്ന എന്നതാണ് കെ സ്റ്റോർ കൊണ്ട് ലക്ഷ്യമിടുന്നത്.
കെ സ്റ്റോർ ആക്കുന്നതിനായി റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കാൻ സർക്കാർ സാമ്പത്തിക സഹായം നല്‍കും. എല്‍ഡിഎഫ് സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് കെ സ്റ്റോറുകൾ ആരംഭിക്കുന്നത്. സംസ്ഥാനത്തെ 14000 റേഷൻ കടകളും കെ സ്റ്റോറുകൾ ആക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ സ്റ്റോർ വഴി ലഭ്യമാകുന്ന സേവനങ്ങൾ:മിനി ബാങ്കിങ് സംവിധാനം (ബാങ്കുമായി ബന്ധിപ്പിച്ച സ്‌മാർട്ട് കാർഡ് വഴി സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കാൻ കഴിയും), യൂട്ടിലിറ്റി പേമെന്‍റ് സംവിധാനം ( ഓൺലൈൻ അപേക്ഷകൾ, വൈദ്യുതി ബില്‍, വാട്ടർ ബില്‍ എന്നിവയടക്കമുള്ളവ അടയ്ക്കാനുള്ള സൗകര്യം), സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, സർക്കാർ ഉടമസ്ഥതയിലുള്ള പൊതുവിതരണ കേന്ദ്രങ്ങൾ വഴി സബ്‌സിഡി നിരക്കില്‍ അവശ്യസാധാനങ്ങളുടെ വില്‍പന, മില്‍മ ഉല്‍പ്പന്നങ്ങൾ ( മില്‍ക്ക് ബൂത്ത്), അഞ്ച് കിലോ തൂക്കമുള്ള പാചക വാതണ സിലിണ്ടർ വിതരണം (ചോട്ടു ഗ്യാസ്) എന്നിവയാണ് ആദ്യ ഘട്ടത്തില്‍ കെ സ്റ്റോറുകൾ വഴി ലഭിക്കുക.
ഗോഡൗണുകളും ജിപിഎസ് ട്രാക്കിങ്ങും:കൂടാതെ വാതിൽപ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുവേണ്ടി ജിപിഎസ് ട്രാക്കിങ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പയ്യന്നൂർ, കോന്നി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ശാസ്‌ത്രീയമായി ഗോഡൗൺ നിർമിക്കും. ഇതിനായി 17 കോടി രൂപയുടെ പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.