തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ (Former CM Oommen Chandy) രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന സിനിമ താരം സലിം കുമാറിന്‍റെ (Film actor salim kumar) പ്രസ്‌താവനയ്‌ക്കെതിരെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷനും (കെ സോട്ടോ). ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്ക് കാരുണ്യ പദ്ധതി (Karunya scheme in kerala) വഴി ധനസഹായം ലഭിച്ചില്ലെന്നും അഞ്ച് ലക്ഷം രൂപ ധനസഹായം നൽകി വന്നത് എൽഡിഎഫ് സർക്കാരിന്‍റെ കാലം മുതൽക്കെന്നും കെ സോട്ടോ (K SOTTO) വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി.
കൊച്ചി അമൃത ആശുപത്രിയിൽവച്ച് കരൾ മാറ്റിവച്ചവരുടെ കൂട്ടായ്‌മയായ അമൃത സ്‌പർശത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽവച്ചായിരുന്നു സലീം കുമാറിന്‍റെ ആരോപണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നില്ല. കാസ്‌പ് പദ്ധതി വഴി അര്‍ഹരായവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചികിത്സാധനസഹായം നല്‍കിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലം മുതല്‍ക്കാണ്.
കൂടാതെ കാസ്‌പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത, എപിഎല്‍, ബിപിഎല്‍ വ്യത്യസമില്ലാതെ മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ ചികിത്സ ആനുകൂല്യം ഇപ്പോള്‍ നല്‍കുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണന്നും കെ സോട്ടോ പറഞ്ഞു.