തിരുവനന്തപുരം :ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ സില്‍വര്‍ലൈന്‍ പദ്ധതിക്ക്, നേരത്തേ ശക്തമായ പിന്തുണയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്രത്തിനയച്ച കത്ത് പുറത്ത്. പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് 2021 ഓഗസ്റ്റ് 16ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഗവര്‍ണര്‍ അയച്ച കത്താണ് പുറത്തായത്. പിയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയായിരിക്കെ 2020 ഡിസംബര്‍ 24ന് സില്‍വര്‍ ലൈന്‍ പദ്ധതിയിലേക്ക് താന്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധ ക്ഷണിച്ചിരുന്നെന്ന് ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
'കെ റെയിലിന് അനുമതിയും പിന്തുണയും വേഗത്തിലാക്കണം'; ഗവര്‍ണര്‍ കേന്ദ്രത്തിനയച്ച കത്ത് പുറത്ത് - പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, 2021 ഓഗസ്റ്റ് 16ന് കേന്ദ്ര റെയില്‍വേ മന്ത്രിയ്‌ക്ക് അയച്ച കത്താണ് പുറത്തായത്
പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കുകയും കേരള സര്‍ക്കാര്‍ ഇതിന്‍റെ ഡി.പി.ആര്‍ അംഗീകരിക്കുകയും അത് കേന്ദ്രത്തിന്‍റെ അംഗീകാരത്തിനായി 2020 ജൂണ്‍ 17ന് സമര്‍പ്പിക്കുകയും ചെയ്‌തു. ഇപ്പോള്‍ ഡി.പി.ആര്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡിന്‍റെ പരിഗണനയിലാണ്. 2021 ജൂലൈ 13ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പദ്ധതിക്ക് അംഗീകാരം ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ അംഗീകാരം എത്രയും വേഗത്തിലാക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണര്‍ തന്നെ സംസ്ഥാനഘടകം എതിര്‍ക്കുന്ന സില്‍വര്‍ ലൈനിന് അംഗീകാരം തേടി കത്തയച്ചത് ബി.ജെ.പിയെ വെട്ടിലാക്കി. എന്നാല്‍, ബി.ജെ.പി പ്രക്ഷോഭത്തിനിറങ്ങുന്നതിന് മുന്‍പാണ് ഗവര്‍ണര്‍ കത്തയച്ചതെന്ന് ചൂണ്ടിക്കാട്ടി തലയൂരാനായിരിക്കും ബി.ജെ.പി ശ്രമം. അതേസമയം, ബി.ജെ.പി പ്രതിഷേധം കനത്തുനില്‍ക്കെ പദ്ധതിയുടെ പിന്തുണ തേടി 2022 മാര്‍ച്ച് 24 ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ വീണ്ടും കണ്ടിരുന്നു.