തിരുവനന്തപുരം:ഒടുവില്‍ കെ-റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ(ഡി.പി.ആര്‍) സര്‍ക്കാര്‍ പുറത്തു വിട്ടു. 3773 പേജും ആറ് വാല്യങ്ങളുമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. പരിസ്ഥിതി ആഘാത പഠനവും റിപ്പോര്‍ട്ടിലുണ്ട്.
നിയമസഭയുടെ വൈബ് സൈറ്റിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് സിസ്ട്ര എന്ന സ്ഥാപനമാണ് ഡി.പി.ആര്‍ തയ്യാറാക്കിയത്. പൊളിക്കേണ്ട കെട്ടിടങ്ങളുടെ പട്ടികയില്‍ ആരാധനാലയങ്ങളുമുണ്ട്. നഷ്‌ടമാകുന്ന കെട്ടിടങ്ങളുടെയും സസ്യജാലങ്ങളുടെയും വിവരങ്ങള്‍ ഡി.പി.ആറില്‍ ഉണ്ട്.
പൊളിച്ചു മാറ്റേണ്ട ആരാധനാലയങ്ങളുടെ ചിത്രങ്ങളും ഉണ്ട്. ഡി.പി.ആര്‍ പുറത്തു വിടുന്നതില്‍ സര്‍ക്കാര്‍ പല തടസവാദങ്ങളും നേരത്തെ ഉന്നയിക്കുകയും ഡി.പി.ആര്‍ പുറത്തു വിടേണ്ട കാര്യമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഡി.പി.ആര്‍ വിവരങ്ങള്‍ പുറത്തു വിടാത്തതിനെതിരെ പ്രതിപക്ഷത്തു നിന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഡി.പി.ആര്‍ പുറത്തു വിട്ടതെന്നതാണ് ശ്രദ്ധേയം.