തിരുവനന്തപുരം :എതിർവാദങ്ങളും സാധ്യതകളും ചർച്ചചെയ്‌ത് സിൽവർ ലൈൻ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ബദൽ സംവാദം. അനുകൂലിച്ച് രണ്ട് പാനലിസ്റ്റുകൾ മാത്രം പങ്കെടുത്ത സംവാദത്തിൽ കെ റെയിലിന്‍റേയോ സർക്കാരിന്‍റേയോ പ്രതിനിധികൾ പങ്കെടുത്തില്ല. സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ കുഞ്ചെറിയ പി ഐസക്കും ചേംബർ ഓഫ് കൊമേഴ്‌സ് തിരുവനന്തപുരം പ്രസിഡന്‍റ് എസ് എൻ രഘുചന്ദ്രൻ നായരുമാണ് പദ്ധതിയെ അനുകൂലിച്ച് പങ്കെടുത്തത്.
അപാകതകൾ നിറഞ്ഞ സിൽവർലൈൻ ഡിപിആർ റദ്ദാക്കണമെന്ന് സിസ്ട്ര മുൻ ഡെപ്യൂട്ടി പ്രൊജക്‌ട് ഡയറക്‌ടർ അലോക് വർമ ആവശ്യപ്പെട്ടു. അലൈൻമെന്‍റിന്‍റെ 93 ശതമാനവും ഉറപ്പില്ലാത്ത ഭൂമിയിലാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 50 ദിവസം കൊണ്ടാണ് അന്തിമ സാധ്യതാപഠന റിപ്പോർട്ട് തയ്യാറാക്കിയത്. സിൽവർ ലൈൻ പദ്ധതിക്ക് സ്റ്റാൻഡേർഡ് ഗേജ് തെരഞ്ഞെടുത്തതും സ്റ്റോപ്പുകൾ പലതും നഗരത്തിന് പുറത്തായതും വലിയ അപാകതയായി അലോക് വർമ ചൂണ്ടിക്കാട്ടുന്നു.
കേരളത്തെ റെയിൽവേ അവഗണിക്കുന്നത് സത്യമാണെങ്കിലും പാത ഇരട്ടിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്ന് പ്രൊഫ. ആർ വി ജി മേനോൻ ചൂണ്ടിക്കാട്ടി. സമാന്തര നിർദേശങ്ങള്‍ പഠിച്ച് താരതമ്യം ചെയ്യാൻ സർക്കാർ തയ്യാറാകണം. നിലവിലുള്ള റെയിൽവേ സംവിധാനം മെച്ചപ്പെടുത്തിയാൽ അത് സിൽവർലൈൻ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയാണ് നിലവിലെ ഡിപിആർ പങ്കുവയ്ക്കുന്നതെന്നും ആർ വി ജി മേനോൻ ആരോപിച്ചു.
പദ്ധതി സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായങ്ങൾ പഠിക്കാൻ സർക്കാർ തലത്തിൽ സാങ്കേതിക സമിതിക്ക് രൂപം നൽകണമെന്നാണ് സിൽവർ ലൈനിനെ അനുകൂലിക്കുന്ന ഡോ. കുഞ്ചെറിയ പി ഐസക് നിർദേശിക്കുന്നത്. അടുക്കളയിൽ കയറി കല്ലിടാതെയും സാമൂഹ്യ ആഘാത പഠനം നടത്താം. നിലവിലുള്ളത് ഡിപിആർ ആണെന്ന് താൻ കരുതുന്നില്ല. ഇത് സാധ്യതാപഠന റിപ്പോർട്ടാണ്.