തിരുവനന്തപുരം:കാസര്‍കോട് - തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതിയായ സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ്. പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സിൽവര്‍ലൈനിന്‍റെ പ്രവര്‍ത്തനങ്ങൾ തത്‌കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്ന തരത്തിൽ മാധ്യമവാർത്തകൾ വന്നതിന് പിന്നാലെയാണ് കെ റെയില്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിശദീകരണം നല്‍കിയത്.
കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സിൽവർലൈൻ ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണ്. റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക് കേരളത്തിന്‍റെ 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌ക്കരിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും. അന്തിമാനുമതിയ്ക്ക് മുന്നോടിയായി ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ റെയില്‍ കോര്‍പ്പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.