തിരുവനന്തപുരം :ക്ഷേത്രങ്ങളിൽ അസമയത്തെ വെടിക്കെട്ട് നിരോധിച്ച കോടതി വിധി (High Court Order Of Fireworks Ban) പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ (Minister K Radhakrishnan). അസമയത്ത് വെടിക്കെട്ട് പാടില്ലെന്നാണ് കോടതി പറഞ്ഞത് (fireworks banned In worship places). സമയം എങ്ങനെയെന്ന് കൃത്യമായി വിശദീകരിക്കുന്നില്ല. നിലവിൽ കോടതി വിധി വിശദമായി പരിശോധിച്ചിട്ടില്ല. ആദ്യം വിധി വിശദമായ പരിശോധന നടത്തും.
ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമമുണ്ടാക്കും. ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങൾ മാത്രമല്ലല്ലോ കേരളത്തിലുള്ളത്. വെടിക്കെട്ട് നടക്കുന്നതും ക്ഷേത്രങ്ങളിൽ മാത്രമല്ല. വിധി വിശദമായി പരിശോധിച്ച ശേഷം സർക്കാർ തലത്തിൽ അപ്പീൽ പോകണമോയെന്ന് ആലോചിക്കുമെന്നും മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി : ഇന്നലെയായിരുന്നു സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. വെടിക്കെട്ട് നടക്കുന്നില്ലായെന്ന് അതാത് ജില്ല കലക്‌ടർമാർ ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് അമിത് റാവലിന്‍റെ ബെഞ്ച് നിർദേശിച്ചു. ഇടക്കാല ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.