തിരുവനന്തപുരം:നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ കെ. മുരളീധരനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വടകരയില്‍ നിന്നുള്ള ലോക്‌സഭാംഗമായ മുരളീധരനെ മത്സരിപ്പിക്കാന്‍ സോണിയാ ഗാന്ധി അനുമതി നല്‍കിയതോടെയാണ് മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിലെ അവ്യക്തത അവസാനിച്ചത്.
നേമത്ത് മുരളീധരൻ തന്നെ; ആറ് സീറ്റുകളില്‍ തീരുമാനമായില്ല - നേമം യുഡിഎഫ് സ്ഥാനാർഥി
55 ശതമാനം പുതുമുഖങ്ങളാണ് ഇക്കുറി പട്ടികയിലുള്ളത്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേമം മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നതായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശക്തനായ സ്ഥാനാർഥിയെ വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അത് ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായതാണ്. എന്നാല്‍ പുതുപ്പള്ളിയിലെ സാഹചര്യം കൂടി പരിഗണിച്ചാണ് മാറിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സ്വന്തം മണ്ഡലമായ ഹരിപ്പാട് തന്നെ മത്സരിക്കാന്‍ താനാണ് നിര്‍ദ്ദേശിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. ആകെ സീറ്റില്‍ 92 ഇടങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നീ നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായില്ല. 55 ശതമാനം പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 25നും 50 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ 46 പേരും 51 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ 22 പേരും 60 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ 15 പേരുമാണ്. 70 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേരും ഇക്കുറി ജനവിധി തേടുന്നുണ്ട്. കായംകുളം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഇരുപത്തിയേഴുകാരി അരിത ബാബുവാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി.