കാനം രാജേന്ദ്രന്‍റെ നിര്യാണം ഇന്ത്യാ മുന്നണിക്ക് തന്നെ കനത്ത നഷ്ട്ടമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണം ഇന്ത്യാ മുന്നണിക്ക് തന്നെ കനത്ത നഷ്ട്ടമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി. അഖിലേന്ത്യാ തലത്തിൽ ഇന്ത്യാ മുന്നണിക്ക് വേണ്ടി അദ്ദേഹം ശക്തമായി നിലകൊണ്ടിരുന്നുവെന്നും. കേരളത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തി കൊണ്ട് തന്നെ ,അഖിലേന്ത്യാ തലത്തിൽ കോൺഗ്രസുമായുള്ള സഖ്യത്തിന്‍റെ പ്രസക്തി കാനം ഊന്നി പറഞ്ഞിരുന്നുവെന്നും കെ.മുരളീധരൻ പറഞ്ഞു.
കേരളത്തിലെ ഇടതുമുന്നണിക്ക് മാത്രമല്ല ഇന്ത്യാ മുന്നണിക്കുള്ള നഷ്ട്ടമാണ് കാനത്തിന്‍റെ നിര്യാണമെന്നും. ഈ വിയോഗം കേരള സമൂഹത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നും. അപ്രതീക്ഷിതമായ മരണമാണ് സംഭവിച്ചത്. എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയാണ് അദ്ദേഹം കടന്നുപോയത്. അദ്ദേഹത്തിന്‍റെ പാർട്ടിയോടും കുടുംബത്തോടും അനുശോചനം രേഖപ്പെടുത്തുന്നതായും കെ.മുരളീധരൻ പറഞ്ഞു. രാത്രി വൈകിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി കാനം രാജേന്ദ്രന് അന്ത്യാഞ്ജലിയർപ്പിച്ച് സംസാരിക്കുകയായിരുന്നും അദ്ദേഹം.
കാനം രാജേന്ദ്രന്‍റെ ഭൗതിക ശരീരം രാവിലെ 10 മണിയോടെ കൊച്ചിയിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിക്കും. പ്രത്യേക ഹെലികോപ്റ്ററില്‍ എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ 9.30 ക്ക് ശേഷം കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനല്‍ വഴിയാകും കാനം രാജേന്ദ്രന്‍റെ മൃതശരീരം പുറത്തേക്ക് കൊണ്ട് വരിക. തുടര്‍ന്ന് നിലവില്‍ സി പി ഐ യുടെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന പി എസ് സ്‌മാരകത്തില്‍ പൊതുദര്‍ശനം.
കാനത്തിന്‍റെ വിയോഗം കണക്കിലെടുത്ത് നവകേരള സദസ് നാളെ ഉച്ചവരെ ഒഴിവാക്കിയതിനാല്‍ മന്ത്രിമാരായ ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി തുടങ്ങിയവര്‍ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു. കെ രാജന്‍, പി പ്രസാദ് തുടങ്ങിയവര്‍ കൊച്ചിയിലാണ്. മൃതദേഹം എത്തുന്ന വിമാനത്തില്‍ ഇവരും തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചന. കാനത്തിന്‍റെ ഭാര്യയും മരുമകളും നിലവില്‍ തിരുവനന്തപുരത്തെ ഇടപഴിഞ്ഞിയിലെ വീട്ടിലാണ്. വീട്ടിലും പൊതുദര്‍ശനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് കോട്ടയം കാനത്തേക്ക് വിലാപയാത്രയായി വൈകിട്ടോടെ മടങ്ങാനാണ് തീരുമാനം.
നാളെ രാവിലെ 11 മണിക്ക് കോട്ടയം കാനം വാഴൂരിലെ വീട്ടിലാണ് സംസ്‌കാരം. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു കാനം രാജേന്ദ്രന്‍ അന്തരിച്ചത്. കഴിഞ്ഞദിവസം രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ മുഖ്യമന്തി പിണറായി വിജയനും മന്ത്രിമാരും കാനം രാജേന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ നവകേരള സദസിന്‍റെ പൊതുപരിപാടി കഴിഞ്ഞ ശേഷമായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ആശുപത്രിയിലേക്ക് എത്തിയത്. കാനം രാജേന്ദ്രന്‍റെ ഭാര്യ വനജയെയും മകന്‍ സന്ദീപിനെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
വെള്ളിയാഴ്‌ച (ഡിസംബര്‍ 8) വൈകുന്നേരം അഞ്ചര മണിയോടെ കാനത്തിന്‍റെ വിയോഗ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പടെ സിപിഐയിലെ നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തി കാനത്തിന് അന്തിമോപചാരം അര്‍പ്പിച്ചാണ് മടങ്ങിയത്.കാനത്തിന്‍റെ വിയോഗ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നൂറ് കണക്കിന് സാധാരണക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ആശുപത്രിയില്‍ തടിച്ച് കൂടി. രാത്രി ഒമ്പതരമണിയോടെ ആയിരുന്നു അദ്ദേഹത്തിന്‍റെ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്.