തിരുവനന്തപുരം: സിൽവർലൈൻ മംഗലാപുരത്തേക്ക് നീട്ടി സർക്കാർ ബിജെപിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്ന് കെ മുരളീധരൻ എംപി. കേന്ദ്ര ഏജൻസികളുടെ കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സിൽവർ ലൈനിനെ പാലമായി ഉപയോഗിക്കുകയാണ്. കമ്മിഷൻ കൈപറ്റാനുള്ള ഏർപ്പാടാണ് സിൽവർ ലൈൻ പദ്ധതി.
സിൽവർലൈൻ മംഗലാപുരത്തേക്ക്; ബിജെപിയുമായുള്ള സർക്കാരിന്‍റെ ഒത്തുകളിയെന്ന് കെ മുരളീധരൻ ഇത് മംഗലാപുരം വരെ നീട്ടാനുള്ള ശ്രമത്തോടെ തെളിയുന്നത് ബിജെപിയുമായുള്ള ഒത്തുകളികളാണ്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കർണാടകയിൽ വികസന നേട്ടമായി ഉയർത്താൻ അവസരം നൽകുകയാണ്. പദ്ധതി നടപ്പിലാക്കാൻ ഒരു തരത്തിലും അനുവദിക്കില്ല.
ഉപേക്ഷിക്കുന്നത് വരെ സമരം തുടരുമെന്നും മുരളീധരൻ വ്യക്തമാക്കി. അമിത് ഷായുമായി ഒത്തുതീർപ്പ് നടത്താനാണ് നെഹ്‌റു ട്രോഫിക്ക് ക്ഷണിച്ചത്. നിരന്തരം നെഹ്‌റുവിനെ വിമർശിക്കുന്ന അമിത് ഷായെ നെഹ്‌റുവിന്‍റെ പേരിലുള്ള ട്രോഫി നൽകാൻ ക്ഷണിച്ചത് മാപ്പില്ലാത്ത തെറ്റാണെന്നും മുരളീധരൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം വഷളാക്കിയത് മുഖ്യമന്ത്രിയാണ്. യുഡിഎഫ് ഭരണകാലത്ത് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് നടപ്പാക്കിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു. വികസന കാര്യത്തിൽ അഹങ്കാരത്തിന്‍റെ ഹുങ്കിൽ എന്തും നടപ്പാക്കുമെന്നതാണ് സർക്കാർ നിലപാട്.
വിഷയം ചർച്ചയിലൂടെ പരിഹരിക്കാമായിരുന്നു. എന്നാൽ അതിന് മുഖ്യമന്ത്രി ഇടപെടണം. പദ്ധതി നിർമാണം നിർത്തിവയ്‌ക്കണമെന്ന് കോൺഗ്രസിന് അഭിപ്രായമില്ല. പ്രതിഷേധക്കാരുടെ ആശങ്കകൾ പരിഹരിക്കണമെന്നാണ് കോൺഗ്രസ് നിലപാടെന്നും മുരളീധരൻ പറഞ്ഞു. കെഎസ്‌ആർടിസി ജീവനക്കാർക്ക് ഓണക്കാലത്ത് കൂപ്പൺ അല്ല ചോറ് കഴിക്കാനുള്ള കാശ് എങ്കിലും നൽകാൻ സർക്കാർ തയാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.