'നിരന്തരമായിട്ടുള്ള സമരത്തിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് വേണ്ടത്, മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല'; കെ മുരളീധരന്‍ തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കെ മുരളീധരനെ ഒതുക്കുന്ന കാര്യത്തില്‍ മാത്രമേ ദോസ്‌തി ദോസ്‌തിയുള്ളു അല്ലെങ്കിൽ ഗുസ്‌തി ഗുസ്‌തിയാണെന്ന് കെ മുരളീധരൻ എം പി. പാർട്ടിയുടെ അച്ചടക്കത്തിന് വിരുദ്ധമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സമരങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് പിന്നോട്ട് പോകുന്നില്ല എന്നാൽ അക്രമത്തിന്‍റെ വഴി നമ്മുടെ രീതിയല്ലെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു.
നികുതി അടച്ച് പ്രതിഷേധിക്കുക: 'നികുതി നിഷേധം നടക്കാത്ത കാര്യമാണ്. പെട്രോൾ പമ്പിൽ ചെന്നിട്ട് പെട്രോളടിച്ചിട്ട് നികുതി നിഷേധത്തിൽ പ്രതികരിക്കാൻ സാധിക്കില്ല. നികുതി അടയ്ക്കുക ശക്തമായി പ്രതിഷേധിക്കുക'.
'മുഖ്യമന്ത്രിയുടെ സുരക്ഷയിൽ വണ്ടിയുടെ എണ്ണം കുറഞ്ഞിട്ടുണ്ട് എന്നല്ലാതെ മറ്റ് മാറ്റങ്ങൾ ഇല്ല. നിരന്തരമായിട്ടുള്ള സമരത്തിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് വേണ്ടത്. കല്ലെറിയുക വണ്ടി കത്തിക്കുക എന്ന നടപടി ശരിയല്ലെന്ന്'-മുരളീധരന്‍ പറഞ്ഞു.
'മുൻപ് അനങ്ങാപ്പാറ നയമാണ് ഇ ഡി സ്വീകരിച്ചിരുന്നത്. സ്വന്തം സെക്രട്ടറി ഒരു തെറ്റ് ചെയ്യുമ്പോൾ സ്വന്തം ഓഫീസിലെ തെറ്റ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ആ സ്ഥാനത്ത് ഇരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ല. ബിജെപി യും മാർക്‌സിസ്‌റ്റ് പാർട്ടിമായിട്ടുള്ള അന്തർധാര സജീവമാണ്'.
ബിജെപിയും സിപിഎമ്മും ഒത്തുകളി:'കേരളത്തിലെ കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎമ്മുമായി ചേർന്ന് നടക്കുന്ന ഒത്തുക്കളിയാണ് കുറച്ചു നാളായി കാണുന്നത്. ഇവർ തമ്മിൽ ധാരണയുണ്ട്. ഇപ്പോഴത്തെ ഇഡിയുടെ വരവിൽ മുഴുവൻ കാര്യങ്ങൾ പുറത്ത് വരുമെന്നു പറയാൻ സാധിക്കില്ല'- മുരളീധരന്‍ വ്യക്തമാക്കി.
'കെ സുരേന്ദ്രനെതിരെതിരായി ഇത്രയും വ്യക്തമായ തെളിവുണ്ടായിട്ടും അറസ്‌റ്റ് നടന്നില്ല. ഒന്നുകിൽ മുഖ്യമന്ത്രിക്ക് തട്ടിപ്പിൽ പങ്കുണ്ട്. ഇല്ലെങ്കിൽ സ്വന്തം ഓഫിസിലെ അഴിമതി കണ്ടെത്താൻ സാധിച്ചില്ല. രണ്ടായാലും മുഖ്യമന്ത്രി രാജി വയ്ക്കണം'.
'കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടന്നില്ലെങ്കിൽ സ്വർണക്കടത്ത് കേസിൽ ആദ്യഘട്ടത്തിൽ നടന്ന പോലെ നടക്കും. മേൽത്തട്ടിലല്ല താഴെ തട്ടിലുള്ള പുനഃസംഘടനയാണ് വേണ്ടത്. ഒരാളെ മാറ്റി മറ്റൊരാൾ വരുമ്പോൾ അയാളെക്കാൾ മികച്ച ആൾ വരണമെന്നും ഇതിന് സമയമെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു'.
കെ സുധാകരന്‍റെ പ്രതികരണം: ബജറ്റിലെ നികുതി വർധനവിൽ പ്രതിപക്ഷം സമരമുഖം തുറന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും തമ്മിൽ ആശയവിനിമയം ഇല്ലെന്ന ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് കെ മുരളീധരന്‍റെ പ്രതികരണം. പാർട്ടിക്കുള്ളിൽ തന്നെ ഒറ്റപ്പെടുത്തുന്നതിൽ എല്ലാവരും ഭായ് ഭായ് ആണെന്നും ഇല്ലേൽ ഗുസ്‌തി ഗുസ്‌തി ആണെന്നുമുള്ള മുരളീധരന്‍റെ പ്രതികരണം ഇത് ഒന്നുകൂടി ഉറപ്പിക്കുകയാണ്. അതേസമയം, യാതൊരു വിധത്തിലുമുള്ള ആശയവിനിമയ വിഷയങ്ങളും ഇല്ലെന്നായിരുന്നു വിഷയത്തിൽ കെ സുധാകരൻ പ്രതികരിച്ചിരുന്നത്.
നികുതി ബഹിഷ്‌കരണത്തിന് മുൻപ് കെ സുധാകരൻ ആഹ്വാനം നൽകിയിരുന്നു. എന്നാൽ, ഇത് പ്രയോഗികമായി സാധ്യമല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. വി ഡി സതീശന്‍റെ വാദം പിന്നീട് കെ സുധാകരൻ ശരിവയ്ക്കുകയും ചെയ്‌തിരുന്നു.