തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ ലോക കേരള സഭ വേദിയിൽ വിവാദ വനിത അനിത പുല്ലായിൽ പ്രവേശിച്ച സംഭവത്തിൽ സ്‌പീക്കർ മറുപടി പറയണമെന്ന് കെ.മുരളീധരൻ എംപി. സ്‌പീക്കറുടെ അനുമതിയോട് കൂടി മാത്രമേ എംപിമാർക്ക് പോലും സഭയിൽ പ്രവേശിക്കാൻ സാധിക്കൂ. അങ്ങനെ ഉളളിടത്താണ് കുറ്റാരോപിത കയറിയത്. ഹിറ്റ് ലിസ്റ്റിൽ ഉളളവരും, ബ്ലാക്ക് ലിസ്റ്റിൽ ഉളളവരും എങ്ങനെ സഭയ്‌ക്ക് അകത്ത് കയറിയെന്ന ചോദ്യത്തിന് സ്‌പീക്കർ ഉത്തരം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ് സംഭവിച്ചത്. കുറ്റാരോപിതരും പൊലീസും തമ്മിൽ ഉള്ള ബന്ധങ്ങൾ പല വേളകളിൽ പുറത്ത് വന്നതാണ്. കളങ്കിതരായ ഒരുപാട് പേർ ഈ ഭരണത്തിന്‍റെ പങ്ക് പറ്റുന്നുണ്ട്. വിഷയത്തിൽ സ്‌പീക്കർ മറുപടി പറയണം. ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടിക എന്തുകൊണ്ട് പുറത്ത് വിട്ടില്ലെന്നും കെ.മുരളീധരൻ ചോദിച്ചു.