എൽഡിഎഫും ബിജെപിയും രാത്രി ആയാൽ ഭായ്-ഭായ് ആണെന്ന് കെ മുരളീധരൻ - കെ മരളീധരൻ എംപി
ബിജെപിയും സിപിഎമ്മും വോട്ട് കച്ചവടമാണ് നടത്തുന്നതെന്ന് പറഞ്ഞത് ആർഎസ്എസുകാരനായ ബാലശങ്കറാണ്. മോഹൻ ഭാഗവതിന്‍റെ സർട്ടിഫിക്കറ്റിന് സമാനമാണ് ബാലശങ്കറിന്‍റെ സർട്ടിഫിക്കറ്റെന്നും മുരളീധരൻ പറഞ്ഞു
തിരുവനന്തപുരം:പകൽ പരസ്‌പരം പോരടിക്കുന്ന എൽഡിഎഫും ബിജെപിയും രാത്രി ആയാൽ ഭായ്-ഭായ് ആണെന്ന് കെ.മുരളീധരൻ. ബിജെപിയും സിപിഎമ്മും വോട്ട് കച്ചവടമാണ് നടത്തുന്നതെന്ന് പറഞ്ഞത് ആർഎസ്എസുകാരനായ ബാലശങ്കറാണ്. മോഹൻ ഭാഗവതിന്‍റെ സർട്ടിഫിക്കറ്റിന് സമാനമാണ് ബാലശങ്കറിന്‍റെ സർട്ടിഫിക്കറ്റ്. ഇനിയും പലതും പുറത്തുവരാനുണ്ട്. കുമ്മനം രാജശേഖരനും ശിവൻകുട്ടിയും പരസ്‌പരം കുറ്റം പറയുന്നില്ല. രണ്ടു പേർക്കും കുറ്റം പറയാൻ ഇപ്പോൾ കെ. മുരളീധരനുണ്ട്. അതിൽ സന്തോഷമുണ്ട്. വർഗീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിനാണ് പാർട്ടി തന്നെ നിയോഗിച്ചിരിക്കുന്നത്. അതിന്‍റെ വരും വരായ്കകളെ കുറിച്ചു താൻ ആലോചിച്ചിട്ടില്ല. പാർട്ടി ഏൽപ്പിക്കുന്ന എന്ത് ദൗത്യവും ഏറ്റെടുക്കും. മോദി ആകാശവും ഭൂമിയും വിറ്റു. പിണറായി ഇപ്പോൾ കടലും വിൽക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. മുമ്പ് ഒരു തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച് ജയിച്ച കെ.കരുണാകരൻ അന്ന് നേമത്തെ ഒഴവാക്കിയിരുന്നു. അതുകൊണ്ട് തന്നെ നേമത്തെ ജനങ്ങളോടുള്ള പ്രായശ്ചിത്തം കൂടിയാണ് തന്‍റെ മത്സരമെന്നും മുരളീധരൻ പറഞ്ഞു.