തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം, ഗവർണറെ ആക്രമിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാനാണോ സിപിഎം ശ്രമം എന്ന് സംശയിക്കുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ (K Muraleedharan Doubts CPM Trying to Invite President Rule in Kerala). ഇതിന് പാർട്ടി തങ്ങളുടെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയെ ഉപയോഗപ്പെടുത്തുകയാണോ എന്നും മുരളീധരൻ സംശയം പ്രകടിപ്പിച്ചു.
"ഗവർണറെ തടഞ്ഞ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാൻ മാർക്‌സിസ്റ്റ് പാർട്ടിയുടെ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് ഞാൻ സംശയിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണം. ഈ സാഹചര്യത്തിൽ ഇവിടെ രാഷ്ട്രപതി ഭരണം കൊണ്ടുവരാൻ ഗവർണറെ പ്രകോപിപ്പിച്ചേക്കാമെന്ന് ഞങ്ങൾ സംശയിക്കുന്നു.” അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മറ്റിടങ്ങളിൽ പ്രശ്‌നമില്ല: രാജസ്ഥാനിലും, ഛത്തീസ്‌ഗഡിലും, തെലങ്കാന, ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിലും കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ ഗവർണർമാരുമായി പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ ഒരു സംസ്ഥാനത്തും ഗവർണർക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടാകുന്ന സാഹചര്യം ഒരിക്കലും സൃഷ്‌ടിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ പോലും സംസ്ഥാന സർക്കാരുമായി അഭിപ്രായവ്യത്യാസമുള്ള ഗവർണർക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടില്ല. ഗവർണറെ തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്‌താൽ ഉണ്ടായേക്കാവുന്ന നിയമപരമായ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണെന്നും കെ മുരളീധരൻ പറഞ്ഞു.