തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി നേരിട്ടുവെന്ന് കെ. മുരളീധരൻ. യുഡിഎഫിന്റെ പരാജയ കാരണം സംബന്ധിച്ച ചർച്ചകൾ പലതും നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പിണറായി വിജയൻ നടത്തിയ ആദ്യ പത്ര സമ്മേളനത്തിൽ നിന്നും അദ്ദേഹത്തിന് ഏറ്റവും ദുഃഖം നേമത്ത് ബിജെപിയുടെ വോട്ട് കുറഞ്ഞതിലും രണ്ടാം ദുഃഖം കോൺഗ്രസിന്റെ വോട്ട് കൂടിയതിലുമാണെന്നും മുരളീധരൻ പറഞ്ഞു. ബിജെപി കേരളത്തിൽ ഇല്ലാതാകണം എന്നല്ല മുഖ്യമന്ത്രിയുടെ ആഗ്രഹമെന്നും കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ഒരു വഴിയായാണ് അദ്ദേഹം ബിജെപിയെ കാണുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ വീണ്ടും വിജയിപ്പിക്കുമ്പോൾ കുറച്ച് കൂടി മാന്യത മുഖ്യമന്ത്രി കാണിക്കേണ്ടതായിരുന്നു എന്നും മുരളീധരൻ വിമർശിച്ചു. സംസ്ഥാനത്ത് ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാത്തത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വായനയ്ക്ക്:തിരുവനന്തപുരത്ത് ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും വോട്ട് വിഹിതത്തില്‍ ഇടിവ്
അഖിലേന്ത്യ രാഷ്ട്രീയത്തിൽ സിപിഎം നിർണായക പങ്ക് വഹിക്കും എന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് അഹങ്കാരം തലക്ക് പിടിച്ചിരിക്കുകയാണെന്നും കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ബംഗാളിൽ സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ലോട്ടറി അടിച്ചെന്ന് കരുതി പിണറായി എന്നും ഭരിക്കാമെന്ന് കരുതരുതെന്നും കേരളത്തിൽ കോൺഗ്രസ് തകരില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്നുള്ള സിപിഎമ്മിന്റെ അവകാശവാദത്തിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആഗ്രഹിക്കുന്നത് ബിജെപിയുടെ വളർച്ചയാണെന്നും വത്സൻ തില്ലങ്കേരിയെ ഇടനിലക്കാരനാക്കി ബിജെപി വോട്ട് സിപിഎം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ബിഡിജെഎസിന്റെ വോട്ട് എങ്ങോട്ട് പോയെന്നും അദ്ദേഹം ചോദിച്ചു.