തിരുവനന്തപുരം: വൈദ്യുത ദീപാലങ്കാരം, ലേസർ മാൻ ഷോ, അൾട്രാ വയലറ്റ് ഷോ, ട്രോൺസ് ഡാൻസ്. കേരളീയം പരിപാടിയുടെ (Keraleeyam Cultural Festival) ഭാഗമായി തലസ്ഥാന നഗരി ദീപാലങ്കാരത്തിൽ അണിയിച്ചൊരുക്കുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കവടിയാർ മുതൽ കിഴക്കേകോട്ട വരെയാണ് ദീപാലങ്കാരം (K Krishnankutty About Keraleeyam). കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോർ തിയേറ്റർ, സെക്രട്ടേറിയറ്റും അനക്‌സും, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാർക്ക്, നയനാർ പാർക്ക് എന്നീ വേദികൾ വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കും (Decorated with electric lights).
ഡിജെക്കൊപ്പമുള്ള ലേസർ ഷോ ആയിരിക്കും പ്രധാന ആകർഷണം. എൽഇഡി ലൈറ്റുകളാലുള്ള വസ്ത്രം ധരിച്ചെത്തുന്ന നർത്തകർ അവതരിപ്പിക്കുന്ന ട്രോൺസ് ഡാൻസ് കനകക്കുന്ന് വേദിയിലാണ് നടക്കുക. ഇതിന് പുറമെ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലും മനോഹരമായ ദീപക്കാഴ്‌ച ഒരുക്കിയിട്ടുണ്ട്.
കനകക്കുന്നിൽ വിവിധ ഇടങ്ങളിലായി സെൽഫി പോയിന്‍റുകളും (Selfie points) സജ്ജമാക്കിയിട്ടുണ്ട്. പ്രശസ്‌ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികൾ കോർത്തിണക്കിയ ഇൻസ്റ്റലേഷനൊപ്പം അദ്ദേഹത്തിന്‍റെ പ്രധാന കൃതികളിലൊന്നായ നീലവെളിച്ചം പ്രമേയമാക്കി ഒരുക്കുന്ന സെൽഫി പോയിന്‍റ് ആണ് ഇതിൽ പ്രധാന ആകർഷണം. ടാഗോർ തീയറ്ററിൽ മൂൺ ലൈറ്റ് തീമിലാണ് ദീപലങ്കാരം ഒരുക്കിയിരിക്കുന്നത്. മ്യൂസിയം വളപ്പിൽ മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും മാതൃകയിൽ ദീപലങ്കാരം ഒരുക്കും. സെക്രട്ടേറിയറ്റിലും ദീപാലങ്കാരം ഒരുക്കും.