തിരുവനന്തപുരം:മുല്ലപ്പള്ളി രാമചന്ദ്രന്‍റെ രാജി ഭീഷണി തള്ളി കെപിസിസിക്ക് വീണ്ടും ജംബോ ഭാരവാഹി പട്ടിക. 130 പേരുള്ള ആള്‍ക്കൂട്ട ഭാരവാഹി പട്ടികക്ക് എഐസിസി അന്തിമ അംഗീകാരം നല്‍കിയെന്നാണ് സൂചന. നിലവിലുള്ള രണ്ട് വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ എണ്ണം ആറായി. കെ.വി തോമസ്, പി.സി വിഷ്‌ണുനാഥ്, വി.ഡി സതീശന്‍, ടി.സിദ്ദിഖ് എന്നിവരാണ് പുതുതായി വര്‍ക്കിങ് പ്രസിഡന്‍റുമാരായത്. വൈസ് പ്രസിഡന്‍റുമാരുടെ സ്ഥാനവും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കിട്ടു. ഇതിന് പുറമേ ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇപ്പോള്‍ 130 ഭാരവാഹികളുടെ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. വ്യാഴാഴ്‌ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഒരാള്‍ക്ക് ഒരു പദവി എന്ന മുല്ലപ്പള്ളിയുടെ ആവശ്യം ഗ്രൂപ്പ് നേതാക്കള്‍ തള്ളി.
കെപിസിസിക്ക് വീണ്ടും ജംബോ ഭാരവാഹി പട്ടിക - kpcc office bearers
130 ഭാരവാഹികളുടെ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു. അതേസമയം ഒരാള്‍ക്ക് ഒരു പദവി എന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആവശ്യം ഗ്രൂപ്പ് നേതാക്കള്‍ തള്ളി
എംഎല്‍എമാരായ വി.ഡി സതീശന്‍, വി.എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ് എംപി, ടി.എന്‍ പ്രതാപന്‍ എംപി എന്നിവരാണ് ഭാരവാഹി പട്ടികയില്‍ ഇടം നേടിയ ജനപ്രതിനിധികള്‍. ഭാരവാഹികളുടെ എണ്ണം 25 ആക്കണമെന്ന നിലപാടാണ് തുടക്കം മുതല്‍ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ടു വച്ചത്. ഇത് ഹൈക്കമാന്‍ഡ് ഏകദേശ അംഗീകാരം നല്‍കിയ ഘട്ടത്തിലാണ് കഴിവും ജാതിമത പരിഗണനയും മറയാക്കി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സ്വന്തക്കാരെ പട്ടികയില്‍ കുത്തി നിറച്ചത്. ഇതിനെതിരെ മുല്ലപ്പള്ളി രാജി ഭീഷണി മുഴക്കിയെങ്കിലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇതിനെ പുച്ഛിച്ചു തള്ളി സ്വന്തം ലിസ്റ്റുമായി മുന്നോട്ടു പോവുകയായിരുന്നു. ഇനി മുല്ലപ്പള്ളി എന്ത് നിലപാട് സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടത്.