തിരുവനന്തപുരം:ഇന്ന് അന്താരാഷ്‌ട്ര ജന്തുജന്യ രോഗദിനം. മനുഷ്യരില്‍ ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്നും പകരുന്നവയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. പുതുതായി ഉണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും ജന്തുക്കളില്‍ നിന്നാണ് ഉണ്ടാകുന്നത്. എലിപ്പനി, പേവിഷബാധ, നിപ, ആന്ത്രാക്‌സ് തുടങ്ങിയ പല ജന്തുജന്യ രോഗങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മനുഷ്യരുടെ ആരോഗ്യം, ജന്തുജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ആശ്രയിച്ചാണ്. മനുഷ്യന്‍റെ ആരോഗ്യത്തോടൊപ്പം തന്നെ മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം നിലനിര്‍ത്തി മാത്രമേ ഇത്തരം രോഗങ്ങളില്‍ നിന്നുളള പ്രതിരോധം സാധ്യമാവുകയുള്ളൂ.
എന്താണ് ജന്തുജന്യ രോഗങ്ങള്‍:ജന്തുക്കളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളാണ് ജന്തുജന്യ രോഗങ്ങള്‍. എബോള, മങ്കി പോക്‌സ് തുടങ്ങിയവയും ലോകത്തിന് ഭീഷണിയായ ജന്തുജന്യ രോഗങ്ങളാണ്. നേരിട്ടുള്ള സമ്പര്‍ക്കം, ആഹാരം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളുമായുള്ള സ്വാഭാവിക സഹവാസം, വിനോദം, ലാളന, കൃഷി, ഭക്ഷണം തുടങ്ങിയ സാഹചര്യങ്ങളിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പകരുന്നത്.
അന്തര്‍ദേശീയ യാത്രക്കാര്‍ കൂടുതലുള്ളതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രോഗങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത കൂടുതലാണ്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ രോഗ സാധ്യത കൂടുതലുള്ളവരാണ്.
നിപ മുതല്‍ ചെള്ള് പനി വരെ:കേരളത്തില്‍ ജന്തുജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുതലാണ്. നമ്മുടെ ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ട് തന്നെ മൃഗങ്ങളുമായി ഏറെ അടുത്തു നില്‍ക്കുന്നതാണ് ഇതിന് പ്രധാന കാരണം. വനനശീകരണം, ഉയര്‍ന്ന വളര്‍ത്തുമൃഗ സാന്ദ്രത, ഉയര്‍ന്ന ജനസാന്നിദ്ധ്യം എന്നിവയെല്ലാം കേരളത്തെ ജന്തുജന്യ രോഗങ്ങളുടെ ഹോട്ട് സ്‌പോട്ട് ആക്കുന്നുണ്ട്. എലിപ്പനി, പേവിഷബാധ തുടങ്ങിയ ഈ രോഗങ്ങള്‍ സംസ്ഥാനത്ത് ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.
എന്നാല്‍, ഇന്ന് അതല്ല സ്ഥിതി. നിപ മുതല്‍ ചെള്ള് പനിവരെ ഗുരുതരമായ രോഗങ്ങള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ്. നിപ തന്നെ പരിശോധിച്ചാല്‍ ഏറ്റവും ഭീതിജനകമായ സാഹചര്യങ്ങളിലൂടെയാണ് സംസ്ഥാനം കടന്നുപോയത്. വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് പകരുന്നതെന്നാണ് വിലയിരുത്തലെങ്കിലും ഇതില്‍ കൃത്യമായ സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല.
ഇതുകൂടാതെയാണ് സമീപകാലത്ത് സംസ്ഥാനത്ത് ചെള്ള് പനിയും റിപ്പോര്‍ട്ട് ചെയ്‌തത്. ചിഗര്‍മൈറ്റ് എന്നറിയപ്പെടുന്ന ചെറിയ ഇനം ചെള്ളുകളുടെ കടിയേറ്റ് ഉണ്ടാകുന്നതാണ് ചെള്ള് പനി അഥവ സ്‌ക്രബ് ടൈഫസ്. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ ഓറിയന്‍ഷ്യ സുസുഗാമുഷി ബാക്‌ടീരിയകള്‍ രൂപംകൊള്ളുന്നത്.
ആന്ത്രാക്‌സ് പകര്‍ച്ചയെക്കുറിച്ച് പഠനം:ചെള്ള്, മാന്‍ചെള്ള്, പേന്‍, നായുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെ ഈ ബാക്‌ടീരിയ മനുഷ്യരിലേക്ക് പകരാം. ഇത്തരം ചെള്ളുകളുടെ കടിയേറ്റ ഭാഗത്ത് കറുപ്പ് നിറം പ്രത്യക്ഷപ്പെടും. കടിയേറ്റ് ഒരാഴ്‌ചയ്ക്ക് ശേഷമാകും രോഗ ലക്ഷണങ്ങള്‍ പ്രകടമാവുക. കഴിഞ്ഞ ആഴ്‌ച തൃശൂരില്‍ ചത്ത കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യരിലേക്ക് പടരുമെന്നത് സംബന്ധിച്ച് പഠനം നടക്കുന്നതേയുള്ളു.
ചത്ത പന്നികളെ സംസ്‌കരിച്ചവരടക്കം നിരീക്ഷണത്തിലാണ്. പേവിഷബാധയില്‍ കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകളുണ്ടെങ്കിലും സമീപ ദിവസങ്ങലില്‍ പാലക്കാട് കുത്തിവയ്‌പ്പെടുത്ത 19കാരിയുടെ മരണം ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. ഈ വര്‍ഷം ആറ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 13 പേരാണ്. ഈ മാസം മാത്രം മരണം മൂന്നാണ്.
2022 ഏപ്രില്‍ 10 വരെ ഉള്ള സമയത്ത് മൂന്ന് പേര്‍ക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വാക്‌സിന്‍ എടുത്താലും പലരിലും പലരീതിയിലാണ് പ്രതിരോധ പ്രവര്‍ത്തനം നടക്കുക എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം. നോക്കാം പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാമെന്ന്.
- കാര്‍ഷിക മേഖലയിലുള്ള മൃഗപരിപാലന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഇറച്ചി, മുട്ട, പാല്‍, പച്ചക്കറികള്‍ എന്നിവയില്‍ നിന്നും രോഗം ഉണ്ടാകുന്നതും പടരുന്നതും തടയാം.
- ശുദ്ധമായ കുടിവെള്ളം, മാലിന്യ സംസ്‌കരണം, ജലാശയങ്ങളുടെയും കുടിവെള്ള സ്രോതസുകളുടെയും വൃത്തിയാക്കല്‍ എന്നിവയും രോഗപ്രതിരോധത്തില്‍ പ്രധാനമാണ്.
- മൃഗങ്ങളുമായി ഇടപഴകുകയോ അവയുടെ സമീപത്ത് പോകുകയോ ചെയ്‌തിട്ടുണ്ടങ്കില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
- സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.
- എലിപ്പനിയ്‌ക്കെതിരെ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിയ്ക്കുക.
- പട്ടിയോ പൂച്ചയോ മറ്റ് മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്‌താല്‍ പേവിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിന്‍ എടുക്കണം.
- കൊതുക്, ചെള്ള്, പ്രാണികള്‍ തുടങ്ങിയവയുടെ കടി ഒഴിവാക്കുക.
- ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുക. നന്നായി വേവിച്ച് മാത്രം കഴിക്കുക.