തിരുവനന്തപുരം: കൊലക്കേസിലെ വിധി കോടതി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ പ്രതി മുങ്ങി (Accused is absconding). വിചാരണ പൂര്‍ത്തിയായ കേസില്‍ പ്രതി കുറ്റക്കാരനാണോ അല്ലയോ എന്നതടക്കം ഉളള കോടതി വിധി പറയാന്‍ ഇരിക്കവേയാണ് പ്രതിയുടെ മുങ്ങല്‍ (Judgment in murder case). പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി പൊമ്മു എന്ന ബൈജുവാണ് മുങ്ങിയത്.
രാവിലെ ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി കെ. വിഷ്‌ണു കേസ് പരിഗണിച്ചപ്പോള്‍ പ്രതി അമ്പലത്തില്‍ തേങ്ങാ അടിക്കാന്‍ പോയിരിക്കുന്നതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് കോടതി വീണ്ടും രണ്ട് തവണ പരിഗണിച്ചപ്പോഴും പ്രതി കോടതിയില്‍ എത്തിയില്ല. പ്രതിയെ അറസ്റ്റ് ചെയ്‌ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
കൊയ്ത്തൂര്‍കോണം സ്വദേശി ഇബ്രാഹിം (64) നെ വെട്ടി കൊലപ്പെടുത്തിയതാണ് കേസ് (Ibrahim murder case). 2022 ജൂണ്‍ 17 നാണ് പ്രതി ഇബ്രാഹിമിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. മദ്യ ലഹരിയിലായിരുന്ന പ്രതി കൊയ്ത്തൂര്‍ കോണത്ത് ഒരു കടയില്‍ സാധനം വാങ്ങാന്‍ എത്തി. കടയുടമയായ യുവതിയോട് സാധനം വാങ്ങിയതിന്‍റെ പണം നല്‍കാതെ തര്‍ക്കിച്ച് നിന്നു. ഇതിനിടെ സാധനം വാങ്ങാന്‍ എത്തിയ ഇബ്രാഹിം വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചത് പ്രതിയെ പ്രകോപിതനാക്കി.
പ്രതി കയ്യിലുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് ഇബ്രാഹിമിനെ തലങ്ങും വിലങ്ങും വെട്ടി പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളേജേ് ആശുപത്രിയില്‍ വച്ച് അടുത്ത ദിവസം ഇബ്രാഹിം മരണപ്പെടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.