തിരുവനന്തപുരം :സംസ്ഥാനത്ത് 19 ദിവസം നീണ്ട ഭാരത് ജോഡോ യാത്രയുടെ വന്‍ വിജയത്തിനൊടുവില്‍ മുതിര്‍ന്ന നേതാക്കളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. നേതാക്കളുമായി കേരളത്തിലെ ഭാരത് ജോഡോ യാത്രാനുഭവങ്ങളും തമാശകളും പങ്കിട്ട് രാഹുല്‍ ഗാന്ധി നടത്തുന്ന സംഭാഷണങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മലപ്പുറത്തെ ഒരു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചാണ് നേതാക്കളുമായി രാഹുല്‍ ഗാന്ധി യാത്രാനുഭവങ്ങള്‍ പങ്കിട്ടത്. കെപിസിസിയാണ് സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
രാഹുല്‍ പറയുന്നു :ജോഡോ യാത്രയുടെ സ്ഥിരം മുന്‍ നിരക്കാരായിരുന്നു എം.എം.ഹസനും കെ.മുരളീധരനുമെന്ന് രാഹുല്‍ ഗാന്ധി. യാത്രക്കിടയില്‍ ഇരുവരും താഴെ വീണിട്ടുണ്ട്. ഹസന്‍ ശക്തിയായാണ് മറിഞ്ഞുവീണതെന്ന് രാഹുല്‍ പറയുമ്പോള്‍ തന്നെ രക്ഷിച്ചത് രാഹുല്‍ ആണെന്ന ഹസന്‍റെ മറുപടി ചിരി പടര്‍ത്തുന്നു.
നടക്കുമ്പോള്‍ മുട്ടിന് പ്രശ്‌നമുള്ള ആളാണ് താനെന്ന് രാഹുല്‍ പറയുന്നു. ചിലപ്പോള്‍ നടുവേദനയുമുണ്ടാകും. അത്തരത്തില്‍ കടുത്ത ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അതിനെ മറികടക്കാന്‍ എന്തെങ്കിലും വഴി മുന്നില്‍ തെളിഞ്ഞു വരും. ചിലപ്പോള്‍ എന്തെങ്കിലും കാഴ്‌ചകളില്‍ കണ്ണുടക്കും. അല്ലെങ്കില്‍ ആരെങ്കിലും തന്‍റെ അടുക്കലേക്ക് ഓടിയെത്തും.
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ അറിയാതെ തന്‍റെ വേദന മാറും. ഈ യാത്രയ്ക്കിടയില്‍ താന്‍ കേരളത്തില്‍ ശ്രദ്ധിച്ച മൂന്ന് കാര്യങ്ങള്‍ രാഹുല്‍ നേതാക്കളുമായി പങ്കുവയ്ക്കുന്നു. ആദ്യമായി താന്‍ ശ്രദ്ധിച്ച കാര്യം കേരളത്തിലെ നഗരങ്ങളില്‍ കച്ചവടം നടത്തുന്ന ചെറുകിട ഇടത്തരം കച്ചവടക്കാരെയാണ്. അവര്‍ വിവിധങ്ങളായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. അവര്‍ക്കാര്‍ക്കും ഇത് നല്ല സമയമല്ല.