തിരുവനന്തപുരം: 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനുള്ള മാര്‍ഗരേഖയുമായി രണ്ടാം പിണറായി സര്‍ക്കാര്‍. ഇക്കാര്യം പരിശോധിച്ച് ജൂലൈ 15 നകം റിപ്പോര്‍ട്ട് നല്‍കാന്‍ കെ ഡിസ്‌കിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ സര്‍വ്വീസിലെ ഒഴിവുകള്‍ പൂര്‍ണ്ണമായും സമയബന്ധിതമായും റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തും. പൊതുമേഖലാ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കും. നമ്മുടെ മതനിരപേക്ഷ സംസ്‌കാരത്തിന്‍റെ കാവലാളായ മാതൃഭാഷ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അന്താരാഷ്ട്ര തലത്തിലെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ നാട്ടിലെ യുവതീ-യുവാക്കള്‍ക്ക് ഈ നാട്ടില്‍ തന്നെ തൊഴിലവസരം ഉറപ്പവരുത്താനുള്ള ക്രിയാത്മകമായ നടപടിക്കാണ് ഊന്നല്‍ നല്‍കുക. കേരളത്തെ വൈജ്ഞാനിക കേന്ദ്രമാക്കുകയും അത് എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാപ്തമാകുന്ന തരത്തിലുള്ള ജനാധിപത്യ സമൂഹത്തിന്‍റെ സൃഷ്ടിക്കായിരിക്കും പരിശ്രമിക്കുക. കൂടുതല്‍ വൈദഗ്ധ്യമുള്ള തൊഴിലുകള്‍ നേടിയെടുക്കുന്നതിന് യുവാക്കളെ സജ്ജരാക്കും. ഏറ്റവും ആധുനികമായ ശേഷി വികസന പരിപാടികള്‍ അവര്‍ക്ക് ലഭ്യമാക്കും. ഐടി അധിഷ്ഠിത സേവനങ്ങള്‍, ഗതാഗതം, സ്റ്റോറേജ്, വാര്‍ത്താവിനിമയം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, നിര്‍മാണം, ആരോഗ്യം, മെഡിക്കല്‍ എക്യുപ്‌മെന്‍റ്, ഭഷ്യസംസ്‌കരണം, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ കേരളത്തില്‍ വലിയ തൊഴില്‍ സാധ്യത ഉണ്ട്. ഇത് ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.