കേരളം

kerala

ഇന്‍റലിജന്‍സ്‌ ബ്യൂറോയില്‍ തൊഴിലവസരം; 955 ഒഴിവുകള്‍, മികച്ച അവസരം; തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

By ETV Bharat Kerala Team

Published : Nov 23, 2023, 3:57 PM IST

IB Job Vacancies: അസിസ്റ്റന്‍റ് സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഓഫിസര്‍ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. 44900-1,42400 ശമ്പള സ്കെയിലിലാണ് നിയമനം. അപേക്ഷ സമര്‍പ്പിക്കേണ്ടത് https://www.mha.gov.in/ എന്ന വെബ്‌സൈറ്റിലൂടെ.

IB vacancies How to prepare  Assistant Central Intelligence Officer Job Vacancy  Assistant Central Intelligence Officer  IB Job Vacancies  How To Prepare For Exam  How To Prepare For IB Exam  അസിസ്റ്റന്‍റ് സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഓഫിസര്‍  ഇന്‍റലിജന്‍സ്‌ ബ്യൂറോ  ഇന്‍റലിജന്‍സ്‌ ബ്യൂറോയില്‍ തൊഴിലവസരം  കേന്ദ്ര ആഭ്യന്തര മന്ത്രാലയം
IB Job Vacancies; How To Prepare For Exam

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഓഫിസര്‍ ഗ്രേഡ് 2 തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 955 ഒഴിവുകളിലേക്കാണ് വിജ്ഞാപനം ഇറങ്ങിയിട്ടുള്ളത്. ശനിയാഴ്‌ച (നവംബര്‍ 25) മുതല്‍ ഡിസംബര്‍ 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

രണ്ടു ഘട്ട പരീക്ഷയും അഭിമുഖവും അടങ്ങുന്നതാണ് തെരഞ്ഞെടുപ്പ് രീതി. 44900-1,42400 ശമ്പള സ്കെയിലിലാണ് നിയമനം. പ്രായ പരിധി 18നും 27 നും മധ്യേയായിരിക്കണം. ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നുള്ള അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്.

പൊതു വിഭാഗത്തില്‍ 377 ഒഴിവുകളുണ്ട്. ഒബിസി വിഭാഗത്തില്‍ 222 ഒഴിവുകളും എസ്‌സി വിഭാഗത്തില്‍ 134 ഒഴിവുകളും എസ്‌ടി വിഭാഗത്തില്‍ 133 ഒഴിവുകളുമാണുള്ളത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 129 ഒഴിവുകള്‍ സംവരണം ചെയ്‌തിരിക്കുന്നു.

അപേക്ഷ ഓണ്‍ലൈന്‍ വഴി: അസിസ്റ്റന്‍റ് സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഓഫിസര്‍ തസ്‌തികയിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതിനായി https://www.mha.gov.in/ എന്ന ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കുക. ന്യൂ രജിസ്ട്രേഷന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. അവിടെ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിക്കുക. ശേഷം സബ്‌മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സിസ്റ്റം ജനറേറ്റഡ് രജിസ്ട്രേഷന്‍ ഐഡിയും പാസ് വേഡും സൂക്ഷിച്ചു വയ്‌ക്കുകയും വേണം തുടര്‍ന്നാണ് അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടത്.

രജിസ്ട്രേഷന്‍ ഐഡിയും പാസ്‌വേഡും നല്‍കി പ്രവേശിച്ച ശേഷം വിദ്യാഭ്യാസ യോഗ്യതയും മറ്റ് വിശദാംശങ്ങളും നല്‍കണം. പരീക്ഷ സെന്‍റര്‍ തെരഞ്ഞെടുക്കുകയും തുടര്‍ന്ന് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയുടേയും നിങ്ങളുടെ ഒപ്പിന്‍റെയും സ്‌കാന്‍ഡ് കോപ്പികള്‍ അപ്ലോഡ് ചെയ്യുകയും വേണം. നല്‍കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം ഫീസ് അടയ്‌ക്കുന്നതിലേക്ക് കടക്കാം. ഓണ്‍ലൈന്‍ ആയിട്ടാണ് ഫീസും അടയ്‌ക്കേണ്ടത്.

ജനറല്‍ ഒബിസി വിഭാഗങ്ങളിലുള്ള ആണ്‍കുട്ടികള്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. പെണ്‍കുട്ടികള്‍ക്കും എസ്‌എസ്‌ടി വിഭാഗക്കാര്‍ക്കും അപേക്ഷ ഫീസില്ല. റിക്രൂട്ട്മെന്‍റ് പ്രോസസിങ്ങ് ചാര്‍ജ് 500 രൂപ എല്ലാവരും അടക്കണം. യുപിഐ, നെറ്റ് ബാങ്കിങ്ങ്, ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി പണം അടയ്‌ക്കാവുന്നതാണ്. പേമെന്‍റ് രസീത് സൂക്ഷിച്ചുവയ്‌ക്കുകയും വേണം.

അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞവര്‍ക്ക് പരീക്ഷക്ക് മുമ്പ് ഓണ്‍ലൈനായി അഡ്‌മിറ്റ് കാര്‍ഡ് ലഭിക്കും. പേര്, ജനന തീയതി, റോള്‍ നമ്പര്‍, ഒപ്പ്, ഫോട്ടോ, പരീക്ഷ തീയതി, സമയം, പരീക്ഷ കേന്ദ്രം, എന്നിവയുടെ വിശദാംശങ്ങള്‍ അടങ്ങിയതയിരിക്കും അഡ്‌മിറ്റ് കാര്‍ഡ്. മിനിമം കട്ട് ഓഫ് മാര്‍ക്ക് നേടിയവരില്‍ നിന്നാണ് അഭിമുഖത്തിന് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുക.

പരീക്ഷയും അഭിമുഖവും എങ്ങനെയെല്ലാം: എഴുത്തു പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. 100 മാര്‍ക്കിന്‍റേയും 50 മാര്‍ക്കിന്‍റേയും രണ്ട് പേപ്പറുകളാണ് എഴുത്തു പരീക്ഷക്കുണ്ടാവുക. ഓരോ പേപ്പറിനും ഒരു മണിക്കൂര്‍ വീതം സമയം അനുവദിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലും പരീക്ഷ എഴുതാം. മള്‍ട്ടിപ്പിള്‍ ചോയ്‌സ്‌ ചോദ്യങ്ങളാണ് പേപ്പര്‍ ഒന്നില്‍ ഉണ്ടാവുക.

പൊതു വിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ലോജിക്കല്‍ എബിലിറ്റി, ഇംഗ്ലീഷ് എന്നിങ്ങനെ നാല് ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. രണ്ടാം പേപ്പര്‍ വിവരിച്ച് ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍ അടങ്ങിയ വിഭാഗമാണ്. ഈ പേപ്പര്‍ രണ്ടു ഭാഗങ്ങള്‍ അടങ്ങിയതാണ്. 30 മാര്‍ക്കിന്‍റെ ഉപന്യാസ ചോദ്യവും സംഗ്രഹിച്ചെഴുതലും രചന വിഭാഗവും അടങ്ങുന്ന 20 മാര്‍ക്കിന്‍റെ ചോദ്യവും അടങ്ങുന്നതാണ് രണ്ടാം പേപ്പര്‍. രണ്ടു പരീക്ഷയും വിജയിച്ചു വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം ഉണ്ടാവും. അഭിമുഖത്തിനും പരമാവധി 100 മാര്‍ക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ഥികളുടെ വ്യക്തിത്വം, ബുദ്ധി അറിവ് എന്നിവ അളക്കാനുള്ള ചോദ്യങ്ങള്‍ അഭിമുഖത്തിലുണ്ടാവും.

പരീക്ഷയ്‌ക്ക് ഒരുങ്ങേണ്ടത് എങ്ങിനെ: അസിസ്റ്റന്‍റ് സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഓഫിസര്‍ തസ്‌തികയിലേക്ക് എഴുത്ത് പരീക്ഷയ്ക്കും‌ അഭിമുഖത്തിനും തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ സിലബസ് കൃത്യമായി മനസിലാക്കിയിരിക്കണം.

ഒന്നാം പേപ്പര്‍:ഒന്നാം പേപ്പറിലെ നാലു വിഭാഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പൊതു വിജ്ഞാനം. സമകാലിക സംഭവങ്ങള്‍, ദേശീയ അന്തര്‍ ദേശീയ സംഭവങ്ങള്‍, ലോക സംഭവങ്ങള്‍, രാഷ്ട്രീയ വാര്‍ത്തകള്‍, ദേശീയ പ്രാധാന്യമുള്ള സംഭവങ്ങള്‍, ഭാരത ചരിത്രം, സാമ്പത്തിക ശാസ്ത്രം, കാലാവസ്ഥ, ഭൂമി ശാസ്ത്രം എന്നീ മേഖലകളെ അടിസ്ഥാനമാക്കി ചോദ്യങ്ങളുണ്ടാവും.

കണക്കില്‍ അറിയേണ്ടവ:കണക്കിലെ മികവ് പരീക്ഷിക്കാനുള്ള ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്‍ സംഖ്യകള്‍ ,പലിശകള്‍, ശരാശരി, അനുപാതം, സമയവും പ്രവൃത്തിയും, ലാഭവും നഷ്‌ടവും, പ്രോബബിലിറ്റി, സ്റ്റാറ്റിക്‌സ്‌ എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഒരേ പാറ്റേണ്‍ കണ്ടെത്തല്‍, ശ്രേണി പൂരണം, അനലിറ്റിക്കല്‍ റീസണിങ്ങ്, ഇമേജ് അനാലിസിസ്, വിട്ടു പോയ അക്ഷരങ്ങള്‍ കണ്ടെത്തല്‍, അനലിറ്റിക്കല്‍ ചോദ്യങ്ങള്‍, കാരക്റ്റര്‍ പസില്‍സ്, ചാര്‍ട്ട് അവലോകനം, ദിക്ക് പരിശോധന എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ലോജിക്കല്‍ റീസണിങ്ങ്, അനലിറ്റിക്കല്‍ എബിലിറ്റി റീസണിങ്ങ് തുടങ്ങിയ ഭാഗങ്ങളില്‍ പ്രതീക്ഷിക്കാം.

ഇംഗ്ലീഷ്‌ പഠനത്തില്‍ ഉള്‍പ്പെടുത്തേണ്ടവ:ഇംഗ്ലീഷ് ചോദ്യങ്ങളില്‍ സ്പെല്ലിങ്ങ് കറക്ഷന്‍, അഡ്‌ജക്റ്റീവ്സ്, ഇഡിയംസ് ആന്‍ഡ് ഫ്രേസസ്, വെര്‍ബുകള്‍, ഗ്രാമര്‍, വിപരീതവും പര്യായവും, വാക്യഘടന എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാവും.

രണ്ടാം പേപ്പര്‍:50 മാര്‍ക്കിന്‍റെ രണ്ടാം പേപ്പറില്‍ ഉപന്യാസങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം. ഇന്ത്യയിലെ സുരക്ഷ ഭീഷണികള്‍, എമര്‍ജന്‍സി ട്രെന്‍ഡ്, രാജ്യത്തിന്‍റെ സാംസ്‌കാരിക വൈവിധ്യം, എന്നിവയൊക്കെ ചോദ്യ രൂപത്തില്‍ പ്രതീക്ഷിക്കാം. സംഗ്രഹം എഴുത്തും ഉപന്യാസമെഴുത്തും ഉദ്യോഗാര്‍ഥികള്‍ നിത്യവും പരിശീലിക്കണം. പൊതു വിജ്ഞാനം സമ്പാദിക്കാന്‍ സമകാലിക സംഭവങ്ങളറിയണം. കുറിപ്പുകള്‍ തയ്യാറാക്കുകയും വേണം.

ABOUT THE AUTHOR

...view details