കേരളം

kerala

By

Published : Mar 19, 2023, 9:08 PM IST

ETV Bharat / state

സഹകരണ സംഘങ്ങളിൽ ജോലി വാഗ്‌ദാനം, നൽകിയത് 8 ലക്ഷത്തോളം രൂപ; തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്‌ത നിലയിൽ

പോത്തൻകോട് സ്വദേശി രജിതാണ് ആത്മഹത്യ ചെയ്‌തത്. ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ട്രെഡിഷണൽ ഫുഡ് പ്രോസസിങ് ആന്‍റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലിക്കായി 7.8 ലക്ഷം രൂപയായിരുന്നു രജിത് നൽകിയിരുന്നത്.

ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്  യുവാവ് ആത്മഹത്യ ചെയ്‌ത നിലയിൽ  പോത്തൻകോട് ആത്‌മഹത്യ  ജോലി തട്ടിപ്പ്  രജിത്  job fraud victim man committed suicide  job fraud victim suicide in thiruvananthapuram  job fraud Kerala
ജോലി തട്ടിപ്പ് യുവാവ് ആത്‌മഹത്യ ചെയ്‌തു

തിരുവനന്തപുരം: സഹകരണ സംഘങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പിനിരയായ യുവാവിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. പോത്തൻകോട് വാവറ അമ്പലം മംഗലത്തുനട രഞ്ജിത്ത് ഭവനിൽ രജിത് (38) ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രജിത്തിനെ വീട്ടിലെ മുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ ആരുമില്ലാതിരുന്ന നേരത്താണ് സജിത് ആത്മഹത്യ ചെയ്‌തത്. തൊഴിലുറപ്പിന് പോയിരുന്ന അമ്മ മടങ്ങിവന്ന് വിളിച്ചിട്ടും മുറി തുറക്കാത്തതിനാൽ അയൽവാസികളെ അറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികളെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ട്രെഡിഷണൽ ഫുഡ് പ്രോസസിങ് ആന്‍റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലിക്കായാണ് ഇയാൾ പണം നൽകിയത്. 7.8 ലക്ഷം രൂപയാണ് രജിത് ജോലിക്കായി നൽകിയത്. രജിതിനും ഭാര്യയ്ക്കുമായി ജോലിക്കായിട്ടാണ് പണം നൽകിയിരുന്നത്.

സംഘത്തിന്‍റെ പ്രസിഡന്‍റാണെന്ന് പറഞ്ഞ് ചിറയിൻകീഴ് സ്വദേശി സജിത്ത് കുമാറാണ് രജിതിൽ നിന്ന് പണം കൈപ്പറ്റിയത്. നിരവധി പേരിൽ നിന്ന് പണം തട്ടിയതിന് സജിത്ത് കുമാറിനെതിരെ ആറ്റിങ്ങൽ, ചിറയിൻകീഴ്, മംഗലപുരം സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഒരു തവണ ചിറയിൻകീഴ് പൊലീസ് ഇയാളെ അറസ്റ്റ്‌ ചെയ്‌തിരുന്നു.

നിരവധി പേരിൽ നിന്നും ജോലി വാഗ്‌ദാനം ചെയ്‌തും സ്ഥിര നിക്ഷേപമായും സജിത് ലക്ഷങ്ങളാണ് വാങ്ങിയിരുന്നത്. അഭിഭാഷകനും മാധ്യമ പ്രവർത്തനുമാണെന്ന് പരിചയപ്പെടുത്തിയാണ് സജിത് ആളുകളെ വലയിലാക്കിയിരുന്നത്. ഇയാൾക്കെതിരെ ബാർ അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

ഇതിനിടെയാണ് കേരള ട്രെഡിഷണൽ ഫുഡ് പ്രോസസിങ് ആന്‍റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് രജിതിന്‍റെ കയ്യിൽ നിന്ന് സജിത് 7.8 ലക്ഷം രൂപ കൈപ്പറ്റുന്നത്. ജോലി ലഭിക്കാത്തതിനെത്തുടർന്ന് പണം തിരികെ പലവട്ടം ആവശ്യപ്പെട്ടിട്ടും സജിത് മടക്കി നൽകാൻ തയ്യാറായില്ല.

ഇതിന് പിന്നാലെയാണ് പണം നഷ്‌ടപ്പെട്ടതിന്‍റെ മനോവിഷമത്തിൽ രജിത് ആത്മഹത്യ ചെയ്യുന്നത്. അതേസമയം പ്രതിയായ സജിത് പോത്തൻകോട് പരിധിയിൽ പതിനഞ്ചോളം പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് നാട്ടുകാർ പറയുന്നത്. തട്ടിപ്പ് കേസുകൾ നിലവിൽ അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്.

അതേസമയം മരിച്ച രജിതിന്‍റെ മൃതദേഹം പോത്തൻകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രേവതി. മകൻ: ഋഷികേശ്.

ലക്ഷങ്ങൾ തട്ടി ദമ്പതികൾ: കഴിഞ്ഞ വർഷം ഡിസംബറിൽ അന്താരാഷ്‌ട്ര ഐടി കമ്പനികളിൽ എൻജിനീയർ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ ദമ്പതികളെ പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം സ്വദേശി ശരണ്യ എസ്, ഭർത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു എന്നിവരെയാണ് കാസർകോട് ചീമേനി പൊലീസ് അറസ്റ്റ് ചെയ്‌തത്.

നാല് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ദമ്പതികൾ നടത്തിയത്. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലും, തമിഴ്‌നാട്ടിലും താമസിച്ച് വിദേശത്ത് ബിസിനസ് നടത്തുകയാണെന്നായിരുന്നു ഇവർ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.

തട്ടിപ്പിനായി സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ ആളുകളെ കണ്ടെത്തിയിരുന്നത്. വിവിധ മേൽവിലാസങ്ങളിൽ സിം കാർഡുകൾ കരസ്ഥമാക്കിയും വ്യാജ ആധാർ കാർഡുകൾ സമ്പാദിച്ചുമായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.

ABOUT THE AUTHOR

...view details