തിരുവനന്തപുരം: മന്ത്രി വീണ ജോർജിന്‍റെ ഓഫിസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ മൂന്നാം പ്രതി റയീസിന്‍റെ ജാമ്യ അപേക്ഷയിൽ കോടതി നാളെ (17-10-2023) വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിയമന തട്ടിപ്പിൽ മുഖ്യ പങ്കാളിത്തമുള്ള പ്രതിയാണ് മൂന്നാ പ്രതി റയീസ്.
പ്രതിക്ക് മുഴുവൻ ഗുഢാലോചനയിലും പങ്കുണ്ട്. ആയുഷ് മിഷന്‍റെ വ്യാജ നിയമന ഉത്തരവ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഫോൺ നമ്പർ പ്രതിയുടെ പേരിലാണ്. നിലവിൽ നാലു പേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
കൂടുതൽ പേർക്ക് പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കണം. ആയുഷ് മിഷന്‍റെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കിയത് റയീസാണ്. അഖിൽ സജീവ് റയീസിന്‍റെ പേരിലുള്ള നമ്പർ ഉപയോഗിച്ചതായി പൊലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്.
തന്‍റെ നമ്പർ ഉപയോഗിച്ച് വ്യാജ രേഖകൾ തയ്യാറാക്കിയത് അഖിൽ സജീവാണെന്ന് നേരത്തെ റയീസ് മൊഴി നൽകിയിരുന്നു. പ്രതി കുറ്റം ചെയ്‌തിരുന്നെങ്കിൽ എന്തിന് പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി ഫോൺ നൽകണമെന്നും എന്തിന് അന്വേഷണത്തിന് സഹായകമാകും വിധത്തിലുള്ള വിവരങ്ങൾ പറയണമെന്നും റയീസ് കേസിൽ നിരപരാധിയാണെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
പ്രതി സഹകരിച്ചത് കൊണ്ടല്ല പൊലീസ് അന്വേഷിച്ച് കണ്ടെത്തിയതാണ് പല നിർണ്ണായ തെളിവുകളും എന്ന് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി പ്രതിഭാഗവാദത്തിന് മറുപടി നൽകി. മൂന്നാം പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ കാലാവധി ഒക്‌ടോബർ 13ന് അവസാനിച്ചിരുന്നു. രണ്ടാം പ്രതി ലെനിൻ രാജിന്‍റ മുൻകൂർ ജാമ്യ അപേക്ഷ ജില്ലാ കോടതി പരിഗണിക്കുന്നത് ഒക്‌ടോബർ 17ലേക്ക് മാറ്റി.