തിരുവനന്തപുരം : ദേശീയ തലത്തില്‍ ജെഡിഎസിലുണ്ടായ ആശയക്കുഴപ്പം സംസ്ഥാന ജെഡിഎസിനെ പിളര്‍പ്പിലേക്ക് നയിച്ചേക്കുമെന്ന സൂചനയുമായി ജെഡിഎസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം കോവളത്തു തുടങ്ങി (JDS Executive Meeting). ജെഡിഎസ് കര്‍ണാടക മുന്‍ അധ്യക്ഷന്‍ സിഎം ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കേരളത്തിലെ പ്രമുഖ നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചു. ദേവഗൗഡയ്‌ക്കൊപ്പമല്ലാതിരുന്നിട്ടും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ്, വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
സംസ്ഥാനത്ത് നിന്നുള്ള ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് (Mathew T Thomas) കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്നത്തെ യോഗത്തില്‍ വിമത പക്ഷം സിഎം ഇബ്രാഹിമിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. പാര്‍ട്ടിയുടെ ഏക ദേശീയ അധ്യക്ഷന്‍ എന്ന പദവി ഉപയോഗിച്ചാണ് സികെ നാണു (CK Nanu) ഇന്ന് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തത്.
ബിജെപിക്കൊപ്പം ചേരാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തെ എതിര്‍ത്തുകൊണ്ട് അതേ പാർട്ടിയില്‍ തുടരുന്നതിനെതിരെയാണ് നാണു യോഗം വിളിച്ചതെന്നതും ശ്രദ്ധേയമാണ്. സികെ നാണുവും സിഎം ഇബ്രാഹിമും തമ്മിലുള്ള സംയുക്ത നീക്കത്തിന്‍റെ ഭാഗമായാണ് യോഗം വിളിച്ചത്. എന്നാല്‍ ഈ വിഭാഗത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറല്ലെന്ന സൂചനയാണ് മാത്യു ടി തോമസും കെ കൃഷ്‌ണന്‍കുട്ടിയും നല്‍കുന്നത്.
ബിജെപിക്കൊപ്പമില്ലെന്ന് പ്രഖ്യാപിക്കുമ്പോഴും ബിജെപിക്കെതിരെ ദേശീയ തലത്തില്‍ സംഭവിക്കാന്‍ പോകുന്ന പിളര്‍പ്പിനൊപ്പം എന്തുകൊണ്ട് ഇവര്‍ നിലയുറപ്പിക്കുന്നില്ലെന്നത് വരും ദിവസങ്ങളില്‍ കേരളത്തില്‍ പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തുന്നതിനിടയാക്കും. സികെ നാണു വിളിച്ചു ചേര്‍ത്ത ദേശീയ എക്‌സിക്യൂട്ടീവ് യോഗം ദേവഗൗഡയേയും മകന്‍ കുമാര സ്വാമിയേയും പുറത്താക്കി സിഎം ഇബ്രാഹിമിനെ അധ്യക്ഷനായി തെരഞ്ഞെടുക്കും. സികെ നാണുവിനും താരതമ്യേന ഉയര്‍ന്ന പദവി ലഭിക്കാനുള്ള സാധ്യതയുണ്ട്.
Also Read :ജെഡിഎസ് സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷം : ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് സി കെ നാണു, യോഗത്തെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന നേതൃത്വം